
കണ്ണൂര്‍: നഗരത്തില്‍ പുലിയിറങ്ങിയതിനു തൊട്ടു പിന്നാലെ കണ്ണൂരിലെ ഒരു ഗ്രാമം കൂടി പുലി ഭീതിയില്‍. കണ്ണൂര്‍ അഴീക്കോട് വായ്പ്പറമ്പ് ഗ്രാമവാസികളാണ് പുലിയുടെ ആക്രമണം പേടിച്ച് പുറത്തിറങ്ങാതെ കഴിയുന്നത്. നാട്ടുകാരുടെ ആശങ്ക വനംവകുപ്പടക്കമുള്ളവര്‍ നിസാരമായി കാണുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
ഏത് നിമിഷവും കുതിച്ചെത്താവുന്ന പുലിയെ പ്രതീക്ഷിച്ചാണ് വായ്പ്പറമ്പ് ഗ്രാമവാസികള്‍ ജീവിക്കുന്നത്. പുലിയെ നേരിട്ടു കാണാത്തവര്‍ വിരളമായ ഗ്രാമത്തില്‍ നേരം ഇരുട്ടിയാല്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നും ആക്രമണം ഉണ്ടായില്ലെങ്കിലും പല ദിവസങ്ങളിലും കുട്ടികളും മുതിര്‍ന്നവരുമടക്കം പുലിയെ കണ്ട് വിരണ്ടോടിയതായും നാട്ടുകാര്‍ പറയുന്നു.
പ്രദേശത്തെ ചെറിയ കാട്ടില്‍ അങ്ങിങ്ങായി കാണപ്പെടുന്ന മടകള്‍ ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുന്നു. പുറത്തിറങ്ങി ജോലി ചെയ്യാനോ ജലസ്‌ത്രോതസ്സുകള്‍ ഉപയോഗിക്കാനോ ഇവര്‍ക്ക് കഴിയുന്നില്ല.
നായ്ക്കളടക്കമുള്ള വളര്‍ത്ത് മൃഗങ്ങളുടെ എണ്ണം കുറയുന്നത് പുലി അടുത്ത് തന്നെയുണ്ടെന്നതിന്റെ സൂചനയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ പുലിയെ പിടിക്കാന്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. കണ്ണൂര്‍ നഗരത്തില്‍ പുലിയെ പിടിച്ചതിനു പിന്നാലെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പുലിയെ കണ്ടതായി നിരവധി ഫോണ്‍ സന്ദേശങ്ങളാണ് വനം വകുപ്പിനു ലഭിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam