ഇറാനിലെ പ്രതിഷേധക്കാരെ കൊന്നൊടുക്കിയാൽ ഇടപെടുമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്ക് ഇറാൻ മറുപടി നൽകി. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടുന്നത് മേഖലയിൽ അശാന്തിക്ക് കാരണമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ദില്ലി: ഇറാനിലെ പ്രതിഷേധക്കാരെ കൊന്നൊടുക്കിയാൽ ഇടപെടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ. പ്രതിഷേധങ്ങൾക്കിടയിൽ ഇറാനിയൻ സൈന്യം കൂടുതൽ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ അമേരിക്കൻ ഇടപെടൽ ഉണ്ടാകുമെന്ന് ട്രംപ് സോഷ്യൽമീഡിയ പോസ്റ്റിൽ അറിയിച്ചിരുന്നു. പിന്നാലെ ട്രംപിനെതിരെ ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അലി ലാരിജാനി രംഗത്തെത്തി. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. ആഭ്യന്തര വിഷയത്തിൽ അമേരിക്കൻ ഇടപെടൽ മേഖലയിലുടനീളമുള്ള കുഴപ്പങ്ങൾക്കും അമേരിക്കൻ താൽപ്പര്യങ്ങളുടെ നാശത്തിനും കാരണമാകുമെന്ന് ട്രംപ് അറിയണമെന്ന് അദ്ദേഹം എക്‌സിൽ എഴുതി.
പ്രതിഷേധിക്കുന്ന വ്യാപാരികളുടെ നിലപാടുകളെ രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവരുടെ നിലപാടുകളിൽ നിന്ന് വേറിട്ട് പരിഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് സാഹസികത ആരംഭിച്ചുവെന്ന് അമേരിക്കയിലെ ജനങ്ങൾ അറിയണം. അവർ സ്വന്തം സൈനികരെ കാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിലക്കയറ്റത്തെ തുടർന്ന് ഇറാനിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ഇറാന്റെ കറൻസിയായ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതും വിലക്കയറ്റവും കാരണം ആറ് ദിവസം മുമ്പ് ടെഹ്‌റാനിലെ കടയുടമകൾ അടച്ചിട്ടതോടെയാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. അതിനുശേഷം മറ്റ് നഗരങ്ങളിലും പണിമുടക്കുകളും പ്രകടനങ്ങളും വ്യാപിച്ചു. 2022 ന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധത്തിനാണ് ഇറാൻ സാക്ഷ്യം വഹിക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെയുള്ള സൈനിക നടപടിയിൽ ഇതുവരെ ഏഴ് പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്.
