ആധാര്‍ ക്രൈസ്തവമല്ല, വിചിത്രവാദവുമായി സുപ്രീംകോടതിയില്‍ ഒരു വിശ്വാസി

By Web DeskFirst Published Mar 20, 2018, 10:38 PM IST
Highlights
  • ആധാര്‍ അക്രൈസ്തവം, നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യം
  • മകന് ആധാര്‍ ഇല്ലാത്തതിനാല്‍ കോളേജില്‍ പ്രവേശനം നിഷേധിച്ചെന്നും ഹര്‍ജിയില്‍ പരാമര്‍ശം 


ദില്ലി: ആധാര്‍ അക്രൈസ്തവം, നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യം. ആധാര്‍ പൈശാചികമാണെന്നും അതിനാല്‍ തന്നെ പന്ത്രണ്ടക്കത്തില്‍ ബന്ധിപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നും ജോണ്‍ എബ്രഹാം എന്നയാള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ആധാര്‍ ഇല്ലെന്ന കാരണത്താല്‍ മുംബൈ സെന്റ് സേവ്യര്‍സ് കോളേജില്‍ മകന് പ്രവേശനം നിഷേധിച്ചതായും ജോണ്‍ എബ്രഹാം പരാതിയില്‍ പറയുന്നു. 

തന്റെ ആവശ്യത്തോട് മറ്റ് ക്രൈസ്തവര്‍ യോജിക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ല. ക്രിസ്തീയതയെക്കുറിച്ചുള്ള തന്റെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആവശ്യമെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചപ്പോള്‍ ടാക്സ് അടക്കുന്നത് ക്രിസ്തീയമല്ലെന്ന് തോന്നിയാല്‍ താങ്കള്‍ എന്തു ചെയ്യുമെന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. ആധാറും മതവിശ്വാസങ്ങളും സംബന്ധിച്ച കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി വിശദമാക്കി.   

ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ചിൽ ഹർജിക്കാരുടെ വാദം പൂർത്തിയായി. ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണ്  ആധാർ നിർബന്ധമാക്കുന്നതെന്ന് സ്ഥാപിക്കാൻ നിരവധി വാദങ്ങൾ ഹർജിക്കാർ മുന്നോട്ടുവെച്ചു.  നാളെ മുതൽ കേന്ദ്ര സർക്കാരിന്റെ വാദം തുടങ്ങും. ആറ്റോർണി ജനറൽ കെ കെ വേണുഗോപാലാകും കേന്ദ്രത്തിന് വേണ്ടി വാദിക്കുന്നത്.
  
 

click me!