അഞ്ചാം ഘട്ട വിപുലീകരണ പദ്ധതിയുടെ ഭാഗമായി 13 പുതിയ സ്റ്റേഷനുകൾ കൂടി ദില്ലി മെട്രോയ്ക്ക് ഉണ്ടാകും. ഇതിൽ പത്തെണ്ണം ഭൂഗർഭ സ്റ്റേഷനുകളും മൂന്നെണ്ണം എലിവേറ്റഡ് സ്റ്റേഷനുകളുമാണ്. ഇതോടെ ദില്ലി മെട്രോ ശൃംഖലയുടെ മൊത്തം ദൈർഘ്യം 400 കിലോ മീറ്റർ കടക്കും
ദില്ലി: ദില്ലി മെട്രോയുടെ അഞ്ചാം ഘട്ട വിപുലീകരണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. മൂന്ന് റൂട്ടുകളിലായി ഏകദേശം 16 കിലോമീറ്റർ ദൈർഘ്യത്തിലാണ് വിപുലീകരണ പദ്ധതി നടപ്പിലാക്കുക. 12015 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. അഞ്ചാം ഘട്ട വിപുലീകരണ പദ്ധതിയുടെ ഭാഗമായി 13 പുതിയ സ്റ്റേഷനുകൾ കൂടി ദില്ലി മെട്രോയ്ക്ക് ഉണ്ടാകും. ഇതിൽ പത്തെണ്ണം ഭൂഗർഭ സ്റ്റേഷനുകളും മൂന്നെണ്ണം എലിവേറ്റഡ് സ്റ്റേഷനുകളുമാണ്. ഇതോടെ ദില്ലി മെട്രോ ശൃംഖലയുടെ മൊത്തം ദൈർഘ്യം 400 കിലോ മീറ്റർ കടക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിന് ശേഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്
അഞ്ചാം ഘട്ട വികസനം ഇങ്ങനെ
പുതിയ മൂന്ന് ഇടനാഴികളാണ് വിപുലീകരണത്തിന്റെ ഭാഗമായി ഫേസ് 5 എയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാമകൃഷ്ണ ആശ്രമം മാർഗ് മുതൽ ഇന്ദ്രപ്രസ്ഥ വരെയും, എയ്റോസിറ്റി മുതൽ എയർപോർട്ട് ടെർമിനൽ 1 വരെയും, തുഗ്ലക്കാബാദ് മുതൽ കാളിന്ദി കുഞ്ച് വരെയുമാണ് ഇത്. മൂന്ന് വർഷത്തിനുള്ളിൽ ഈ പദ്ധതികൾ പൂർത്തിയാക്കാനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിന് ശേഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ 12 മെട്രോ ലൈനുകളാണ് ദില്ലി മെട്രോയ്ക്കുള്ളത്. അഞ്ചാം ഘട്ട വിപുലീകരണത്തോടെ ദില്ലി മെട്രോ ശൃംഖല 400 കിലോ മീറ്റർ പിന്നിടുമെന്നും പ്രതിദിനം 65 ലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകിക്കൊണ്ട് ലോകത്തിലെ മികച്ച അഞ്ച് മെട്രോ ശൃംഖലകളിൽ ഒന്നായി മാറുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടു.
കാളിന്ദി - തുഗ്ലക്കാബാദ് പാതയുടെ വിപുലീകരണം നോയിഡയിൽ നിന്നും ഫരീദാബാദിൽ നിന്നുമുള്ള യാത്രക്കാർക്ക് ഗുരുഗ്രാമിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റി നൽകും. രാമകൃഷ്ണ ആശ്രമം മാർഗ് മുതൽ ഇന്ദ്രപ്രസ്ഥ വരെയുള്ള ഭാഗം പൂർത്തിയാകുന്നതോടെ അടുത്തുള്ള സംസ്ഥാനങ്ങളിൽ നിന്ന് ജോലിക്കായി എത്തുന്നവർക്ക് കർത്തവ്യ ഭവനിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്നും അശ്വിനി വൈഷ്ണവ് വിശദീകരിച്ചു. പുതിയ പദ്ധതി യാഥാർത്ഥമാകുന്നതോടെ ദില്ലിയിലെ ഗതാഗത കുരുക്കിനും മലിനീകരണത്തിനും ഒരു പരിധിവരെ പരിഹാരമാകും എന്നാണ് മന്ത്രി അവകാശപ്പെടുന്നത്.
'ദില്ലി മെട്രോ നഗരവാസികളുടെയും നഗരത്തിലേക്ക് യാത്ര ചെയ്യുന്നവരുടെയും ജീവിതത്തെ എത്രത്തോളം ക്രിയാത്മകമായി മാറ്റിമറിച്ചുവെന്ന് നമുക്കറിയാം. ഈ വിപുലീകരണത്തിലൂടെ ദില്ലി മെട്രോയുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം കൂടി കൂട്ടിച്ചേർക്കപ്പെടും' - റെയിൽവേ മന്ത്രി വിവരിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം, പ്രതിദിനം ശരാശരി 65 ലക്ഷം പേരാണ് ദില്ലി മെട്രോ ഉപയോഗിക്കുന്നത്. 2025 ഓഗസ്റ്റ് 8 നായിരുന്നു ഏറ്റവുമധികം പേർ മെട്രോ ഉപയോഗിച്ചത്. 81.87 ലക്ഷം പേരാണ് അന്ന് മാത്രം യാത്ര ചെയ്തത്.


