കൈരേഖകള്‍ പതിയുന്നില്ല; ആധാര്‍ കിട്ടാതെ വൃദ്ധന്‍ വലയുന്നു

By Web DeskFirst Published Dec 6, 2017, 10:37 AM IST
Highlights

തൃശൂര്‍: ആധാര്‍ കാര്‍ഡ് എടുക്കാന്‍ എത്ര ദിവസം വേണം, നാല് വര്‍ഷവും പോരെന്നാണ് തൃശൂര്‍ സ്വദേശി രാധാകൃഷ്ണന്റെ അനുഭവം. പ്രായാധിക്യത്താല്‍ കൈരേഖകള്‍ പതിയാത്തത് ചൂണ്ടിക്കാട്ടിയാണ് രാധാകൃഷ്ണന് ആധാര്‍ നിഷേധിക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സാഹചര്യം വന്നതോടെയാണ് രാധാകൃഷ്ണനും ആധാറിനായി അപേക്ഷ നല്‍കിയത്.

ഏറെക്കാലം സംസ്ഥാനത്തിന് പുറത്ത് ഹോട്ടലിലും ട്രാവല്‍സിലുമൊക്കെ ജോലി ചെയ്ത ശേഷം നാട്ടിലെത്തിയ രാധാകൃഷ്ണന്റെ കൈരേഖകള്‍ പക്ഷേ കമ്പ്യൂട്ടറിന്റെ ബയോമെട്രിക് കാപ്ചര്‍ യൂണിറ്റില്‍ പതിയുന്നില്ല. നാല് വര്‍ഷത്തിനിടയില്‍ എട്ടുതവണ ശ്രമിച്ചിട്ടും രാധാകൃഷ്ണന്റെ അപേക്ഷ ഇതേ കാരണത്താല്‍ നിരസിച്ചു. കണ്ണുകളുടെ സ്‌കാനിംഗ് പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ ആധാര്‍ ഓഫീസിലേക്ക് പലതവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

2013 മുതല്‍ ആധാര്‍ കാര്‍ഡ് എടുക്കുന്നതിനു വേണ്ടി അലയുകയാണ് രാധാകൃഷ്ണന്‍. ഭാര്യയോടൊത്ത് വിശ്രമ ജീവിതം നയിക്കുന്ന ഈ എഴുപതുകാരന് വാര്‍ദ്ധക്യ പെന്‍ഷന്‍ മാത്രമാണ് വരുമാനം. ബാങ്ക് അക്കൗണ്ട് കൂടി ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഉത്തരവ് വന്നതോടെ ആകെയുള്ള വരുമാനം കൂടി മുടങ്ങുമോയെന്നാണ് രാധാകൃഷ്ണന്റെ ആശങ്ക.
 

click me!