അഭിഭാഷക പ്രതിഷേധം: ആട് ആന്റണിയുടെ ശിക്ഷാ വിധി മാറ്റി

By Asianet newsFirst Published Jul 22, 2016, 7:27 AM IST
Highlights

കൊല്ലം: കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കുത്തിക്കൊന്ന കേസില്‍ വിധി പറയുന്നതു ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് അഭിഭാഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കോടതി വിധി പ്രഖ്യാപനം മാറ്റി വയ്ക്കുന്നത്.

കൊല്ലം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആട് ആന്റണിക്ക് ഇന്നു ശിക്ഷ വിധിക്കുമെന്നായിരുന്നു കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി അറിയിച്ചിരുന്നുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചതിന്റെ തുടര്‍ച്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും നടന്നേക്കാം എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതി ആട് ആന്റണിക്കു മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

സിറ്റി പൊലീസ് കമ്മിഷണറാണു ജില്ലാ സെഷന്‍സ് ജഡ്ജിക്കു നോട്ടിസ് നല്‍കിയത്. പ്രതിയുടെ അഭാവത്തില്‍ വിധി പറയാന്‍ സാധിക്കുകയില്ല ഇതേത്തുടര്‍ന്നാണ് കോടതി വിധി പറയുന്നത് ഈ മാസം 27 ലേക്ക് മാറ്റി വച്ചത്. കോടതി ഭഹിഷ്‌കരണത്തിന്റെ ഭാഗമായി അഭിഭാഷകരും കോടതിയില്‍ എത്തിയിരുന്നില്ല.

കേസില്‍ മണിയന്‍പിള്ളയുടെ കുടുംബത്തിനും ആട് ആന്റണിയുടെ ആക്രമണത്തില്‍ പരിക്കേറ്റ മുന്‍ എഎസ്‌ഐ ജോയിക്കും നല്‍കേണ്ട നഷ്ട പരിഹാരം സംബന്ധിച്ചും ഇന്ന് കോടതി വാദം കേള്‍ക്കേണ്ടതായിരുന്നു. അഭിഭാഷകരുടെ പ്രതിഷേധം കാരണം ഇതും മാറ്റിവെയ്‌ക്കേണ്ടതായി വന്നു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് അഭിഭാഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു കോടതിക്കു വിധി പ്രഖ്യാപനം മാറ്റിവെക്കേണ്ടി വന്നത്.

click me!