
കൊച്ചി: പ്രമാദ കേസുകളിൽ പ്രതിക്ക് വേണ്ടി ഹാജരാകുന്ന പതിവ് തെറ്റിക്കാതെ അഡ്വ. ബി.എ ആളൂര്‍ വീണ്ടും. അങ്കമാലി മൂക്കന്നൂരില്‍ സഹോദരനടക്കം കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ബാബുവിന് വേണ്ടി അഡ്വ. ആളൂര്‍ ഹാജരായത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കിയപ്പോഴാണ് അഡ്വ.ആളൂര്‍ ജാമ്യാപേക്ഷയുമായി എത്തിയത്. ജാമ്യാപേക്ഷ തള്ളിയ കോടതി ഈ മാസം 26 വരെ ബാബുവിനെ റിമാന്‍ഡ് ചെയ്തു.
പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അടുത്ത ദിവസം അപേക്ഷ സമര്‍പ്പിക്കും. കേസിൽ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. അതേസമയം പ്രതിക്കെതിരെ ജനരോഷം ഭയന്ന് തെളിവെടുപ്പിന് കൊണ്ടുപോകാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കുടുംബവഴക്കിനെ തുടർന്നാണ് ജ്യേഷ്ഠ സഹോദരനെയും ഭാര്യയേയും മകളേയും ബാബു തിങ്കളാഴ്ച വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച മകളുടെ മകനെയും ഇയാൾ വെട്ടിയിരുന്നു. ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.
പ്രമാദമായ ഒട്ടറെ കേസുകളിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായി ശ്രദ്ധ നേടുന്ന അഭിഭാഷകൻ ആണ് അഡ്വ. ആളൂര്‍. ട്രെയിൻ യാത്രക്കിടെ കൊല്ലപ്പെട്ട സൗമ്യയുടെ കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി വധശിക്ഷ ഒഴിവാക്കിക്കൊടുത്തത് അഡ്വ.ആളൂര്‍ ആയിരുന്നു. പെരുമ്പാവൂര്‍ ജിഷാ വധക്കേസിലും പ്രതി അമിറുൽ ഇസ്ലാമിന് വേണ്ടിയും നടിയെ ആക്രമിച്ച കേസില്‍ പ്രധാനപ്രതി പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായതും അഡ്വ.ആളൂര്‍ ആയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam