ഒരു ദിവസം മാത്രം 71 ഡ്രോണുകൾ യുക്രൈൻ അയച്ചെന്നും എല്ലാം തകർത്തെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മണിക്കൂറുകൾ അടച്ചിട്ടു. മോസ്കോ ലക്ഷ്യമാക്കി എത്തിയ 11 യുക്രൈൻ ഡ്രോണുകൾ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ അടച്ചത്. സുരക്ഷാ കാരണങ്ങളാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുന്നുവെന്നാണ് റഷ്യൻ സിവിൽ ഏവിയേഷൻ ഏജൻസിയായ റോസാവിയറ്റ്സിയ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞത്. ഡൊമോഡെഡോവോ, വ്നുക്കോവോ, സുക്കോവ്സ്കി, ഷെറെമെറ്റീവോ എന്നീ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് അടച്ചത്. ഡ്രോണുകൾ വെടിവച്ചിട്ടതിന് പിന്നാലെ വിമാനത്താവളങ്ങൾ വീണ്ടും തുറന്ന് പ്രവർത്തനം പഴയ പടിയായി.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് തകർത്തത് 71 ഡ്രോണുകൾ

മോസ്കോയിലെ തന്ത്രപ്രദാനമായ നാല് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് 11 ഡ്രോണുകൾ യുക്രൈൻ തൊടുത്തെന്നും എല്ലാം വെടിവച്ചിട്ടെന്നും മോസ്കോ മേയർ സെർജി സോബിയാനിൻ വ്യക്തമാക്കി. ഒരു മണിക്കൂറിനുള്ളിലാണ് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള 11 ഡോണുകളുടെ ആക്രമണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആകെ 71 ഡ്രോണുകൾ ഇന്ന് മാത്രം റഷ്യയിലേക്ക് യുക്രൈൻ അയച്ചെന്നും റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം എല്ലാം വീഴ്ത്തിയെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രൈൻ അധിനിവേശത്തിന്‍റെ നാലാം വാർഷികത്തിന് രണ്ട് നാൾ മാത്രം ശേഷിക്കെയാണ് റഷ്യക്കെതിരായ അതിശക്ത ആക്രമണമെന്നത് ശ്രദ്ധേയമാണ്.

നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് റഷ്യ അറിയിച്ചു. റഷ്യ - യുക്രൈൻ യുദ്ധത്തിന്‍റെ നാലാം വാർഷികത്തിന് രണ്ടു നാൾ മാത്രം ബാക്കി നിൽക്കെ മോസ്കോ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് യുക്രൈന്‍റെ ഡ്രോണുകൾ പതിവായി എത്തുന്നുവെന്ന് റഷ്യ ആരോപിക്കുന്നു.