ആംആദ്മി പാര്‍ട്ടി എംഎല്‍എയെ ദില്ലി പൊലീസ് നാടകീയമായി അറസ്റ്റുചെയ്തു; പ്രതിഷേധവുമായി കെജ്‌രിവാള്‍

By Web DeskFirst Published Jun 25, 2016, 9:51 AM IST
Highlights

ദില്ലി പൊലീസിനെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തിയാണ് എം എല്‍ എയെ അറസ്റ്റു ചെയ്തത്. അറസ്റ്റിനുശേഷം കൈയില്‍ പിടിച്ചു റോഡിലൂടെ നടത്തിച്ചാണ് മൊഹാനിയയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. രണ്ടു കേസുകളാണ് മൊഹാനിയയ്ക്കെതിരെ ചാര്‍ജ്ജ് ചെയ്‌തത്. എം എല്‍ എയെ സാകേത് കോടതിയില്‍ ഹാജരാക്കും. അതേസമയം ദില്ലിയില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതുപോലെയാണ് കാര്യങ്ങളെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ദില്ലി പൊലീസിനെ കേന്ദ്ര സര്‍ക്കാര്‍ രാഷ്‌ട്രീയപ്രേരിതമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനസമ്പര്‍ക്ക വേദിയില്‍ എം എല്‍ എ തിരിച്ചറിഞ്ഞില്ല എന്ന കാരണത്തില്‍ ദിനേശ് മൊഹാനിയ തന്റെ മുഖത്തടിച്ചതായി അറുപതുകാരനായ രാകേഷ് എന്നയാള്‍ പരാതിപ്പെട്ടിരുന്നു. തനിക്കെതിരെ ടാങ്കര്‍ മാഫിയയുടെയും ദില്ലി പോലീസിന്റെയും ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് വാര്‍ത്താ സമ്മേളനം നടത്താനൊരുങ്ങവെയാണ് ദിനേഷ് മൊഹാനിയയെ പോലീസ് അറസ്റ്റ് ചെയ്തത്. കുടിവെള്ള പ്രശ്‌നം ഉന്നയിച്ചെത്തിയപ്പോള്‍ എം എല്‍ എ മോശമായി പെരുമാറി എന്ന് ആരോപിച്ച് നേരത്തെ ഒരു വീട്ടമ്മയും ദിനേഷ് മൊഹാനിയക്കെതിരെ പരാതി നല്‍കിയിരുന്നു. ദിനേശ് മൊഹാനിയക്കെതിര ഉള്ള പരാതികള്‍ കെട്ടി ചമച്ചതാണെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.

click me!