കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റിന് പിന്നില്‍ തൃക്കരിപ്പൂര്‍ സ്വദേശി...?

By Web DeskFirst Published Jul 10, 2016, 4:54 AM IST
Highlights

തൃക്കരിപ്പൂര്‍ ഉടുമ്പന്തലയിലെ അബ്ദൂള്‍ റാഷിദാണ് കാസര്‍കോഡുകാരായ 11 പേരെ ഐ.എസിലേക്കെത്തിച്ചതെന്ന സൂചനകളാണ് ശക്തമാകുന്നത്. ഭാര്യ ആയിഷയോടൊപ്പമാണ് ഇയാളെ കാണാതായത്. ഏതാനും നാളുകളായി തൃക്കരിപ്പൂര്‍ കേന്ദ്രീകരിച്ച് ഖുര്‍ആന്‍ ക്ലാസുകളെന്ന പേരില്‍ ഇയാള്‍ ഐ.എസിലേക്ക് ചേക്കേറാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നുവെന്ന് കാണാതായ ഡോക്ടര്‍ ഇജാസിന്റെ ബന്ധു മുജീബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ പീസ് സ്ഥാപനങ്ങളുടെ അഡിമിനിസ്‍ട്രേറ്റര്‍ ആയിരുന്നു റാഷിദ്. ഇപ്പോള്‍ റാഷീദിനൊപ്പം ഐ.എസിലേക്ക് ചേക്കേറിയതായി സംശയിക്കുന്ന ചിലര്‍ക്ക് നേരത്തെ ഇയാള്‍ ഈ ഗ്രൂപ്പില്‍ ജോലി നല്‍കിയിരുന്നു. മുജാഹിദ് നേതാവ് എം.എം അക്ബറിന്റെ നിയന്ത്രണത്തിലാണ് സ്കൂള്‍. വിദേശത്തായതിനാല്‍ എം.എം അക്ബറിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. എന്നാല്‍ റാഷിദിനെ അറിയില്ലെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് അബ്ദൂല്ലക്കോയ മദനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പീസ് സ്കൂളുകള്‍ എം.എം അക്ബര്‍ സ്വകാര്യമായി നടത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്തര്‍ ദേശീയ തലത്തിലുള്ള വഹാബി പ്രസ്ഥാനമാണ് ഐ.എസ്. കേരളത്തിലെ മുജാഹിദുകളും ആശയപരമായി വഹാബികളാണ്. ഈ ആശയം പങ്കിടുന്നത് കൊണ്ടാണോ ഇവര്‍ ഐ.എസിലേക്ക് ചേക്കേറിയതെന്ന് വ്യക്തമല്ല. ഏറെ നാളായി കേരളത്തിലെ മുജാഹിദുകള്‍‍ ഐ.എസിനെതിരെ പ്രചാരണങ്ങള്‍ നടത്തി വരുന്നുണ്ട്.

click me!