നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് എം, എൽഡിഎഫ് വിടാനുള്ള ജോസ് കെ മാണിയുടെ നീക്കം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇടപെടലോടെ പാളി. റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള നേതാക്കളെ ഒപ്പം നിർത്തി സിപിഎം നീക്കം തടഞ്ഞു.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻ്റേ ചൂടേറിയ ചർച്ചകളിലേക്ക് കേരളം കടക്കുന്നതിനിടെയാണ് എൽഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസ് എം മുന്നണി വിടുന്നതായ അഭ്യൂഹം പരന്നത്. സംഭവം വലിയ പ്രാധാന്യത്തോടെ രാഷ്ട്രീയ കേരളം ഒന്നടങ്കം ചർച്ച ചെയ്തതോടെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഈ നീക്കം തടഞ്ഞുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
എൽഡിഎഫിലെ പ്രധാന കക്ഷിയായ സിപിഎം അറിയാതെ മുന്നണി മാറ്റവുമായി മുന്നോട്ട് പോകാനായിരുന്നു പാർട്ടി ചെയർമാൻ ജോസ് കെ മാണി പദ്ധതിയിട്ടത്. എന്നാൽ റോഷി അഗസ്റ്റിനെയും പ്രമോദ് നാരായണനെയും പ്രൊഫ എൻ ജയരാജിനെയും ഒപ്പം നിർത്താൻ എൽഡിഎഫിന് നേതൃത്വം നൽകുന്ന സിപിഎമ്മിന് സാധിച്ചു. മുന്നണി വിടരുതെന്ന് റോഷി അഗസ്റ്റിനോട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ആവശ്യപ്പെട്ടതോടെ അദ്ദേഹം യുഡിഎഫിലേക്കില്ലെന്ന് നിലപാടെടുത്തു. പാർട്ടിയിൽ അഭിപ്രായ സമവായം ഇല്ലാതെ വന്നതോടെയാണ് ജോസ് കെ മാണി യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചത്.


