ഇനിയാ നിറഞ്ഞ ചിരിയില്ല; അഭിമന്യുവിന് കണ്ണീരോടെ ആയിരങ്ങളുടെ യാത്രാമൊഴി

By Web DeskFirst Published Jul 3, 2018, 9:50 AM IST
Highlights
  • കണ്ണീരോടെ അഭിമന്യുവിന്‍റെ നാട്
  • വിടപറയാനെത്തിയത് ആയിരങ്ങള്‍

ഇടുക്കി: ഇനിയൊരിക്കലും മടങ്ങിവരാത്ത ലോകത്തേക്ക് ആയിരങ്ങളെ സാക്ഷിയാക്കി അഭിമന്യു മടങ്ങി. ക്യാംപസ് ഫ്രണ്ട് കൊലക്കത്തിയില്‍ ജീവനറ്റ എറണാകുളം മഹാരാജ കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്‍റെ മൃതദേഹം നാല് മണിയോടെയാണ് മൂന്നാറിലെത്തിയത്. അവസാനമായി തങ്ങളുടെ പ്രയകൂട്ടുകാരനും സഖാവുമായ അഭിമന്യുവിനെ കാണാന്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും നേതാക്കളും മൂന്നാറിലേക്ക് ഒഴുകിയെത്തിയിരുന്നു. മൂന്നാര്‍ പോസ്റ്റോഫീസ് കവലയില്‍ എത്തിച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് അവിടെ കാത്ത് നിന്നിരുന്നത്.

നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ ആംബുലന്‍സില്‍ നിന്നും മൃതദേഹം പുറത്തെടുത്തിരുന്നില്ല. പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗം കെ.എന്‍ ബാലഗോപാലന്‍, ഇടുക്കി എം.പി ജോയിസ് ജോര്‍ജ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എന്‍ വിജയന്‍, എറണാകുളം ജില്ലാ സെക്രട്ടറി എന്‍.സി മോഹനന്‍ , എം.എല്‍ എ എം. സ്വരാജ് , എസ് എഫ്.ഐ. സംസ്ഥാ പ്രസിഡന്റ് ബിനീഷ്, സെക്രടറി സച്ചിന്‍, ഡി.വൈ എഫ്.ഐ ജില്ലാ സെക്രട്ടറി നിഷാന്‍.വി. ചന്ദ്രന്‍, കേന്ദ്ര കമ്മറിയംഗം സദീഷ് എന്നിവര്‍ അഭിമന്യുവിന്റെ മൃതദേഹം കൊണ്ടുവന്ന വാഹനത്തോടൊപ്പമുണ്ടായിരുന്നു. 

അരമണിക്കൂറോളം മുന്നാറില്‍ മൃതദേഹം പ്രവര്‍ത്തകര്‍ക്ക് കാണാനായി വച്ചു. തുടര്‍ന്ന്  നാലേമുക്കാലോടെയാണ് മൂന്നാറില്‍ നിന്നും അഭിമന്യുവിനെ വഹിച്ചുകൊണ്ടുള്ള വാഹനം പുറപ്പെട്ടത്. മാട്ടുപ്പെട്ടിയില്‍ അല്പനേരം പ്രവര്‍ത്തകര്‍ക്ക് മൃതദേഹം കാണുന്നതിന് സൗകര്യമുണ്ടായിരുന്നു. ആറുമണിയോടെ കൊട്ടാക്കബൂരിലെത്തിച്ച മൃതദേഹം പൊതുശ്മശാനത്തിന് സമീപത്ത് തയ്യറാക്കിയ പന്തലില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചു.

മകന്റെ മൃതദേഹത്തിനുമീതെ തളര്‍ന്ന് കിടന്നു കരയുന്ന അമ്മയേയും ബന്ധുക്കളെയും ആശ്വാസിപ്പിക്കാന്‍ ബന്ധുക്കള്‍ക്കോ, കൂടി നിന്ന നേതാക്കള്‍ക്കോ ആയില്ല. നിറഞ്ഞ മൗനത്തില്‍ അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന നിലവിളി എല്ലാവരുടെയും നെഞ്ചുലച്ചു. പൊതുദര്‍ശനത്തിന് ശേഷംഎഴുമണിയോടെ ആയിരങ്ങളെ സാക്ഷിയാക്കി അഭിമന്യു ചിതയില്‍ കത്തിയമര്‍ന്നു. 

click me!