
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ചു. നാലാം പ്രതിയായ ബിലാല്‍ സജി, അഞ്ചാം പ്രതി ഫറൂഖ് അമാനി എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി റിയാസ് ഹുസൈന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
അതേസമയം അഭിമന്യു വധക്കേസില്‍ വിചാരണ ഫെബ്രുവരി നാലിന് തുടങ്ങും. പതിനാറ് പേരുടെ വിചാരണയാണ് ആദ്യം തുടങ്ങുന്നത്. കേസിൽ ഒന്നാംപ്രതിയടക്കം ഏഴ് പേർ ഇനിയും പിടിയിലാകാനുണ്ട്. ഇവരുടെ വിചാരണ പിന്നീട് നടക്കും. ജാമ്യം ലഭിച്ച പ്രതികളടക്കമുള്ളവരോട് അടുത്ത മാസം നാലിന് ഹാജരാകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Read More : അഭിമന്യുവിന്‍റെ സ്വപ്നം യാഥാർത്ഥ്യമായി; വീടിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറി
മഹാരാജാസിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യു കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് കോളേജ് ക്യാംപസില്‍ വച്ച് കുത്തേറ്റ് കൊല്ലപ്പെടുകയായിരുന്നു. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ക്യാംപസില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. എസ് എഫ് ഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.
നെഞ്ചിന് സര്‍ജിക്കല്‍ ബ്ലൈഡ് കൊണ്ട് കുത്തേറ്റ അഭിമന്യുവിനെ ഉടന്‍ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അഭിമന്യുവിനൊപ്പം കുത്തേറ്റ എസ് എഫ് ഐ പ്രവര്‍ത്തകനും കോട്ടയം സ്വദേശിയുമായ അര്‍ജുന്‍ നീണ്ട ചികിത്സയ്ക്ക് ശേഷം അടുത്ത കാലത്താണ് ആശുപത്രി വിട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam