അഭിമന്യുവിന്‍റെ സ്വപ്നം യാഥാർത്ഥ്യമായി; വട്ടവടയിലെ വായനശാല മുഖ്യമന്ത്രി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും

By Web TeamFirst Published Jan 13, 2019, 11:20 AM IST
Highlights

അഭിമന്യുവിന്‍റെ  സ്മരണാർത്ഥമുള്ള വായനശാല ഇടുക്കി വട്ടവടയിൽ ഒരുങ്ങി. ലൈബ്രറിയിൽ നാൽപതിനായിരത്തോളം പുസ്തകങ്ങൾ. ലൈബ്രറി തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിൽ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കൊലക്കത്തിക്കിരയായ അഭിമന്യുവിന്‍റെ സ്മരണാർത്ഥമുള്ള വായനശാല ഇടുക്കി വട്ടവടയിൽ ഒരുങ്ങി. ‘അഭിമന്യു മഹാരാജാസ്’ എന്ന പേരിലുള്ള ലൈബ്രറി സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്ത് വായനശാല ആയിരിക്കും. വായനശാലയുടെ ഉദ്ഘാടനം മുഖ്യമന്ത്രി തിങ്കളാഴ്ച നി‍ർവഹിക്കും.

വിദ്യാഭ്യാസപരമായി പിന്നിൽ നിൽക്കുന്ന വട്ടവടയെ മുന്നോട്ട് നയിക്കാൻ സ്വന്തമായൊരു വായനശാല. അഭിമന്യു അവസാനമായി പങ്കെടുത്ത ഗ്രാമസഭയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. അഭിമന്യുവിനെ സ്നേഹിക്കുന്നവരും സുഹൃത്തുക്കളും ഈ ആഗ്രഹം ഏറ്റെടുത്തപ്പോൾ നവീനമായൊരു വായനശാല വട്ടവടയ്ക്ക് സ്വന്തമായി. കേരളത്തിന് പുറമേ ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നുമായി ലഭിച്ച നാൽപതിനായിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിലുള്ളത്.

വട്ടവട പഞ്ചായത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് വായനശാല സജ്ജീകരിച്ചിരിക്കുന്നത്. ലൈബ്രറിയിൽ യുവാക്കൾക്കായി പി എസ്‍ സി പരീക്ഷയ്ക്കുള്ള പരിശീലനം ആരംഭിക്കാനും പഞ്ചായത്ത് പദ്ധതിയിടുന്നുണ്ട്. സി പി എം അഭിമന്യുവിന്‍റെ കുടുംബത്തിനായി വട്ടവടയിൽ നിർമിച്ച വീടിന്‍റെ താക്കോൽ കൈമാറാൻ മുഖ്യമന്ത്രി തിങ്കാളാഴ്ച വട്ടവടയിലെത്തും. ഇതിനൊപ്പം വായനശാലയുടെ ഉദ്ഘാടനവും നടത്താനാണ് തീരുമാനം.

click me!