അവര്‍ക്ക് എസ്എഫ് ഐയെ പേടിയാണ്; എബിവിപിയെ വിറപ്പിച്ച വനിതാ സഖാവ് പറയുന്നു

By എല്‍സ ട്രീസ ജോസ്First Published Jun 7, 2018, 5:39 PM IST
Highlights
  • എസ്.എഫ്.ഐ. അനുഭാവികളെ  ക്ലാസുകളില്‍  ഒറ്റപ്പെടുത്തുക, കള്ളക്കേസുകളില്‍ പെടുത്തി മാനസികമായി തളര്‍ത്തുകയൊക്കെ ക്യാംപസില്‍ പതിവാണ്
  • വീഡിയോ പുറത്ത് വന്നത് എബിവിപി പ്രവര്‍ത്തകര്‍ക്ക് നാണക്കേടായി

തൃശൂര്‍: പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈ നടാനെത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ വെല്ലുവിളിച്ചും ആക്രമിക്കാന്‍ ശ്രമിച്ചും നേരിട്ട എബിവിപി പ്രവര്‍ത്തകരോട്  ഒറ്റയ്ക്ക് വാക്ക്പോരില്‍ ഏര്‍പ്പെടുന്ന വനിതാ നേതാവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.  ഒരു കൂട്ടം എബിവിപിക്കാരെ ഒറ്റയ്ക്ക് നേരിട്ട സരിതയെ അഭിനന്ദിച്ച് ഇടതുപക്ഷം മുന്നോട്ട് വന്നപ്പോള്‍ സരിതയെ പരിഹസിച്ചും ട്രോളിയും എബിവിപിക്കാര്‍ രംഗത്ത് വന്നിരുന്നു. കോളേജില്‍ സംഭവിച്ചതിനെക്കുറിച്ചും കോളേജില്‍ എസ്.എഫ്.ഐ. അനുകൂലികള്‍ നേരിടേണ്ടി വരുന്ന അനുഭവങ്ങളെക്കുറിച്ചും സരിത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിക്കുന്നു. 

എന്താണ് പരിസ്ഥിതി ദിനത്തില്‍ സംഭവിച്ചത്


പരിസ്ഥിതി ദിനത്തില്‍ ക്യാംപസിനുള്ളില്‍ വൃക്ഷ തൈ നടാന്‍ എസ്.എഫ്.ഐ. പരിപാടി ഇട്ടിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്യാന്‍ പുറത്ത് നിന്ന് സഖാക്കന്മാരെ കൊണ്ടുവരാനായിരുന്നു പരിപാടി. ക്യാംപസില്‍ എബിവിപി അനുഭാവ സംഘടനകളുടെ നേതാക്കള്‍ പുറത്ത് നിന്ന് വരുമ്പോള്‍ പ്രശ്നമുണ്ടാക്കാത്തവര്‍ എസ്.എഫ്.ഐ.യുടെ നേതാക്കള്‍ ആരെങ്കിലും പുറത്ത് നിന്ന് വന്നാല്‍ പ്രശ്നം ഉണ്ടാക്കാറുണ്ട്.  ഇതുകൊണ്ട് പരിപാടിക്ക്  പ്രിന്‍സിപ്പലിനോട് അനുവാദവും വാങ്ങിയിരുന്നു. എന്നാല്‍ എബിവിപി നയിക്കുന്ന യൂണിയന്റെ അനുവാദം നല്‍കിയിട്ടില്ലെന്ന് പറഞ്ഞായിരുന്നു ബഹളം. 

ക്യാംപസിലെ എബിവിപി, എസ്.എഫ്.ഐ. ഇടപെടലിനെക്കുറിച്ച്


ഇവിടുള്ള എബിവിപിക്കാര്‍ക്ക് എസ്എഫ്ഐയെ ഭയമാണ്. എസ്.എഫ്.ഐ. എന്തു ചെയ്താലും എബിവിപി പ്രവര്‍ത്തകര്‍ എതിര്‍ക്കും. എസ്.എഫ്.ഐ. കൊടിയുയര്‍ത്തലുമായി സഹകരിക്കാന്‍ വന്ന കുട്ടികളെ പേടിപ്പിച്ച് ക്ലാസില്‍ കയറ്റുകയാണ് എബിവിപിക്കാര്‍ ചെയ്യുന്നത്. ക്യാംപസില്‍ എസ്എഫ്ഐ വളര്‍ന്ന് പോകുമോയെന്ന ഭയത്തില്‍ എല്ലാവരേയും ഭീഷണിപ്പെടുത്തുകയാണ് അവര്‍. മാന്യമായ രീതിയില്‍ അല്ല ഇവിടുള്ള പെണ്‍കുട്ടികളോട് എബിവിപിക്കാര്‍ പെരുമാറുന്നത്. എസ്.എഫ്.ഐ. അനുഭാവികളെ  ക്ലാസുകളില്‍  ഒറ്റപ്പെടുത്തുക, കള്ളക്കേസുകളില്‍ പെടുത്തി മാനസികമായി തളര്‍ത്തുകയൊക്കെ ക്യാംപസില്‍ പതിവാണ്. ഫസ്റ്റ് ഇയറില്‍ വരുന്ന എസ്.എഫ്.ഐ. അനുഭാവികളെ മര്‍ദ്ദിക്കുകയും പതിവാണ്.

സംഭവത്തില്‍ അധ്യാപകരുടെ നിലപാട്


കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന പ്രിന്‍സിപ്പലിനെ പേടിപ്പിച്ച് നിര്‍ത്തുകയാണ് ഇവര്‍ ചെയ്തിരുന്നത്. അവര്‍ ഇവരെ ഭയന്ന് ഒന്നിനും പോകരുത് വിട്ടു കൊടുക്കണം എന്ന് നിരന്തരം ആവശ്യപ്പെട്ടതിനെ മാനിച്ചാണ് ഇത്ര നാളും പ്രതികരിക്കാതിരുന്നത്.  അധ്യാപകര്‍ക്ക് നേരെയും എബിവിപിയുടെ ഭീഷണിപ്പെടുത്തലും തട്ടിക്കയറലും പതിവാണ്. പുതിയ പ്രിന്‍സിപ്പല്‍ ഒരു വിധം പിടിച്ച് നിന്നു. പക്ഷേ ഇപ്പോള്‍ കോളേജില്‍ ഒരു പ്രശ്നവും ഇല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ് പ്രിന്‍സിപ്പല്‍. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പുറത്തായതിന് ഇപ്പോള്‍ കടുത്ത വിമര്‍ശനം ആണ് പ്രിന്‍സിപ്പലില്‍ നിന്ന് നേരിടുന്നത്. അതാണ് ഇപ്പോള്‍ കോളേജില്‍ പ്രശ്നമായതെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. സംഭവം ഏതെങ്കിലും തരത്തില്‍ ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ്  നടക്കുന്നത്. ഡിസിപ്ലിന്‍ കമ്മിറ്റിയില്‍ ഉള്ള അധ്യാപകര്‍ പൊട്ടന്‍ കളിക്കുന്ന സ്ഥിതിയാണ്.

ആക്ഷേപങ്ങളെയും ട്രോളുകളെയും കുറിച്ച്


വീഡിയോ പുറത്ത് വന്നത് എബിവിപി പ്രവര്‍ത്തകര്‍ക്ക് നാണക്കേടായി.  വൃക്ഷ തൈ നട്ടതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലെ എന്റെ അക്കൗണ്ടില്‍ ഇടരുതെന്ന്  അവര്‍ ആവശ്യപ്പെട്ടിരുന്നു.  ഇതിന് മുമ്പ് ഇതില്‍ കൂടുതല്‍ മോശമായ സംഭവങ്ങള്‍ പലതും പുറത്ത് പറയാന്‍ പറ്റാത്തവ നടന്നപ്പോള്‍ ആരും അറിഞ്ഞിരുന്നില്ല . പക്ഷേ ഈ സംഭവം പുറലോകമറിഞ്ഞതിലുള്ള നാണക്കേട് മറക്കാനുള്ള ശ്രമമാണ് ഈ ആക്ഷേപങ്ങള്‍.

എബിവിപി നടപടിയെക്കുറിച്ച് പരാതിയുമായി മുന്നോട്ട് പോകുമോ


സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ നിലപാട് എന്താണ് എന്ന് അറിഞ്ഞ ശേഷം കേസുമായി പൊലീസിനെ സമീപിക്കാനാണ് തീരുമാനം. കോളേജില്‍ നിന്ന് നീതി കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയില്ല. സംഭവത്തില്‍ നീതിക്കായി ഏതറ്റം വരെ പോകാനും മടിക്കേണ്ടതില്ലെന്നാണ് തീരുമാനം

വെല്ലുവിളികളിലും വിമര്‍ശനത്തിലും വിഷമമുണ്ടോ


രണ്ട് വര്‍ഷമായി നേരിടുന്ന വെല്ലുവിളികള്‍ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല. അതുകൊണ്ട് തന്നെ ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനം. അങ്ങനെ തളര്‍ന്ന് പോയാല്‍ ശരിയാവില്ലല്ലോ. സ്ത്രീയാണെന്ന പരിഗണന പോലുമില്ലാതെയാണ് പല ആക്ഷേപവും , അതൊന്നും എന്നെ തളര്‍ത്തില്ല. 

click me!