രാജ്യത്ത് ഓരോ മണിക്കൂറിലും 57 വാഹനാപകടങ്ങള്‍;17 മരണം

By Web DeskFirst Published Jun 9, 2016, 2:02 PM IST
Highlights

ദില്ലി:ഇന്ത്യയില്‍ ഏറ്റവുമധികം റോഡപകടങ്ങളുണ്ടാകുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാമത്. നാലായിരത്തിലധികമാളുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം കേരളത്തിലെ റോഡുകളില്‍ ജീവന്‍ നഷ്ടമായത്. രാജ്യത്തെ റോഡു സുരക്ഷയ്ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന് രൂപം നല്‍കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിഥിന്‍ ഗഡ്കരി പറഞ്ഞു. 

രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലെയും ട്രാഫിക് പൊലീസ് സ്റ്റേഷനുകളില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഇന്ത്യയിലെ റോഡപകടങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടത്. 

2015ല്‍ ഇന്ത്യയിലാകെ 5,01423  അപകടങ്ങളാണ് നടന്നത്. 1,46133 ആളുകള്‍ ഈ അപകടങ്ങളില്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും 57 അപകടങ്ങളിലായി 17 പേര്‍ മരിക്കുന്നുണ്ടെന്നും കണക്ക് വ്യക്തമാക്കുന്നു. ഏറ്റുവുമധികം അപകടങ്ങള്‍ നടന്നത് തമിഴ്‌നാട്ടിലാണ്. ഏറ്റവുമധികം മരണം സംഭവിച്ചത് ഉത്തര്‍പ്രദേശിലും. ഇന്ത്യയില്‍ ഏറ്റവുമധികം റോഡപകടങ്ങളുണ്ടാകുന്ന സംസ്ഥാനങ്ങളില്‍ കേരളം അഞ്ചാമതാണ്.  39014 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്നത്. ഈ അപകടങ്ങളില്‍ 4196 ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. 43735 ആളുകള്‍ക്ക് പരിക്കേറ്റു. 

ഗുരുതരമായി പരിക്കേല്‍ക്കുന്ന തരത്തില്‍ ഏറ്റവുമധികം അപകടം നടന്നതും കേരളത്തിലാണ്. 2014നെ അപേക്ഷിച്ച് അപകടത്തിലും മരണത്തിലും വലിയ വര്‍ദ്ധനവുണ്ട്. അമിത വേഗതയും മദ്യലഹരിയില്‍ വാഹനമോടിക്കുന്നതുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മരിക്കുന്നവരില്‍ 54.1 ശതമാനം ആളുകളും 15 വയസു മുതല്‍ 34 വയസുവരെ പ്രായമുള്ളവരാണ്. 

അപകടം സംഭവിക്കുന്നവരില്‍ കൂടുതലും ഇരു ചക്രവാഹനക്കാരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ റോഡ് സുരക്ഷയ്ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് ഭേദഗതി കൊണ്ടു വരുന്നതിനായുള്ള ശ്രമം തുടങ്ങിയതായി കേന്ദ്ര ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി അറിയിച്ചു. 

അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല്  അവതരിപ്പിക്കാനുവുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കണ്‍കറന്റ് പട്ടികയിലുള്ള വിഷയമായതിനാല്‍ സംസ്ഥാനങ്ങളുമായി ഇക്കാര്യത്തില്‍ അഭിപ്രായസമവായമുണ്ടാക്കും. എംപിമാരെയും ജില്ലാ കളക്ടര്‍മാരെയും പൊലീസ് മേധാവികളെയും ഉള്‍പ്പെടുത്തി റോഡു സുരക്ഷയ്ക്കായി കമ്മറ്റി  രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

click me!