
വെല്ലൂര്‍: തമിഴ്നാട്ടിലെ വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രണ്ട് പേര്‍ മരിച്ചു. അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവന്ന പതിമൂന്നുകാരിയും ലോറി ഡ്രൈവറുമാണ് ഡോക്ടർ ഇല്ലാത്തതിനാൽ മരിച്ചത്. ആംബുലൻസ് ഇല്ലാത്തതിനാൽ പെൺകുട്ടിയുടെ മൃതദേഹം ബൈക്കിലാണ് തിരികെ കൊണ്ടുപോയത്.
കൊല്ലത്തു നിന്ന് തിരുവനന്തപുരം വരെ ചികിത്സ കിട്ടാതെ അലഞ്ഞ ഇതരസംസ്ഥാനത്തൊഴിലാളി മുരുഗനും ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ഓക്സിജൻ കിട്ടാതെ കൂട്ടത്തോടെ ശ്വാസം മുട്ടി മരിച്ച കുഞ്ഞുങ്ങളും ഇപ്പോൾ വെല്ലൂരിൽ പെൺകുട്ടിയടക്കം രണ്ട് രോഗികൾക്കും നേരിടേണ്ടി വന്നത് ജീവൻ വെച്ച് പന്താടിയ ആശുപത്രികളുടെ അനാസ്ഥ.
ഉച്ചയോടെയാണ് വെല്ലൂരിനടുത്തുള്ള അമ്പൂരിലെ സർക്കാർ ആശുപത്രിയിൽ വൈഷ്ണവി എന്ന പതിമൂന്നുകാരിയെ പനി മൂർച്ഛിച്ച നിലയിൽ കൊണ്ടുവന്നത്. അൽപസമയത്തിനകം റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജ്കുമാർ എന്ന ചെന്നൈ സ്വദേശിയായ ലോറി ഡ്രൈവറെയും ആശുപത്രിയിലെത്തിച്ചു. രോഗികളെ പരിശോധിയ്ക്കാൻ ഡോക്ടറെത്താത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഡ്യൂട്ടി ഡോക്ടർ ആശുപത്രിയിലില്ലെന്ന് മനസ്സിലാകുന്നത്.
മൂന്ന് ഡോക്ടർമാർ വേണ്ടയിടത്ത് അമ്പൂരിലെ ആശുപത്രിയിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. ആ ഡോക്ടറാകട്ടെ ആശുപത്രിയിലുമില്ല. ഇതേത്തുടർന്ന് കൃത്യമായ ചികിത്സ കിട്ടാത്തതിനാൽ വൈഷ്ണവിയും രാജ്കുമാറും മരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബന്ധുക്കൾ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.
ഈ ആശുപത്രിയിൽ കുട്ടികളുടെ വാർഡോ ഗർഭിണികൾക്കുള്ള ചികിത്സാസൗകര്യങ്ങളോ ഉൾപ്പടെ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലെന്ന് നാട്ടുകാർ ആരോപിയ്ക്കുന്നു. എന്നാൽ സംഭവത്തിൽ ഇത് വരെ ആശുപത്രി അധികൃതർ പ്രതികരിയ്ക്കുകയോ ഡോക്ടർക്കെതിരെ അന്വേഷണം തുടങ്ങുകയോ ചെയ്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam