എണ്ണ ടാങ്കറുകൾ കത്തിയുണ്ടായ കനത്ത പുക ആകാശത്ത് തങ്ങിനിൽക്കുകയും തുടർന്നുണ്ടായ മഴവെള്ളത്തിൽ ഈ എണ്ണയുടെ അംശം കലരുകയും ചെയ്തതിന് പിന്നാലെയാണ് കറുത്ത മഴ പെയ്തത്

ടെഹ്റാൻ: ഇറാനിലെ എണ്ണ സംഭരണ ശാലകൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ടെഹ്റാൻ കറുത്ത മഴ. ശനിയാഴ്ച രാത്രിയുണ്ടായ ഇസ്രയേൽ ആക്രണത്തിന് പിന്നാലെ തിങ്കളാഴ്ചയാണ് ടെഹ്റാൻ എണ്ണ കലർന്ന കറുത്ത മഴ പെയ്തത്. എണ്ണ ടാങ്കറുകൾ കത്തിയുണ്ടായ കനത്ത പുക ആകാശത്ത് തങ്ങിനിൽക്കുകയും തുടർന്നുണ്ടായ മഴവെള്ളത്തിൽ ഈ എണ്ണയുടെ അംശം കലരുകയും ചെയ്തതിന് പിന്നാലെയാണ് കറുത്ത മഴ പെയ്തത്. ഞായറാഴ്ച ടെഹ്റാന്റ് ആകാശത്തിൽ മുഴുവൻ കറുത്തിരുണ്ട മേഘങ്ങൾ നിറയുകയും തിങ്കളാഴ്ച കറുത്ത മഴ പെയ്യുകയുമായിരുന്നു. ഗുരുതര പാരിസ്ഥിതിക വെല്ലുവിളികൾ ഉയർത്തുന്നതാണ് ഈ കറുത്ത മഴയെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. ഹൈഡ്രോകാർബൺ സംയുക്തങ്ങളും സൾഫർ, നൈട്രജൻ ഓക്സൈഡുകളും അടങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാൽ ഈ മഴയിൽ വിഷലിപ്തമായിരിക്കുമെന്ന് ഇറാന്റെ റെഡ് ക്രെസന്റ് സൊസൈറ്റി നൽകുന്ന മുന്നറിയിപ്പ്.രാസവസ്തുക്കൾ നിറഞ്ഞ കറുത്ത മഴ ചർമ്മത്തിൽ പൊള്ളലിനും ശ്വസനതടസ്സത്തിനും കാരണമായേക്കാം.

ഇറാനിയൻ സൈന്യത്തിന് ഇന്ധനം നൽകുന്ന മുപ്പതോളം സംഭരണ ടാങ്കുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചത്. ഇറാൻ ഭരണകൂടത്തിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ തകർക്കുകയായിരുന്നു ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ നാല് ടാങ്കർ ഡ്രൈവർമാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നഗരത്തിന് മുകളിൽ പുകപടലങ്ങൾ നിറഞ്ഞതിനാൽ പകൽ സമയത്തും കനത്ത കാഴ്ചതടസ്സം അനുഭവപ്പെട്ടു. അന്തരീക്ഷത്തിലെ വിഷാംശം നീക്കം ചെയ്യാൻ വീടിന് പുറവും വാഹനങ്ങളും കഴുകി വൃത്തിയാക്കണമെന്ന് അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. പെയ്ത മഴവെള്ളം ഉണങ്ങുമ്പോൾ വിഷാംശമുള്ള പൊടിയായി മാറാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളും വീടിന്റെ പരിസരവും ശുദ്ധജലം ഉപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം