
ആലപ്പുഴ: ഹൗസ് ബോട്ടിലെ അപകടമരണങ്ങള്‍ നിത്യസംഭവമാകുന്നു. ഒരാഴ്ചക്കുള്ളില്‍ രണ്ട് കുട്ടികളാണ് ഹൗസ് ബോട്ട് യാത്രക്കിടെ ജില്ലയില്‍ മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്ര സ്വദേശിയായ രണ്ട് വയസ്സുകാരി മാതാപിതാക്കളുടെ മുന്നില്‍ വെച്ചാണ് കായലില്‍ വീണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആന്ധ്രസ്വദേശിയായ കുട്ടിയും മതിയായ സുരക്ഷയില്ലാത്തതിനാല്‍ വെള്ളത്തില്‍ വീണ് മരിച്ചിരുന്നു.
അഞ്ച് വര്‍ഷത്തിനിടയിലാണ് ഹൗസ് ബോട്ട് അപകടങ്ങള്‍ പതിവായത്. കായലില്‍ വീണുള്ള മരണങ്ങള്‍ക്ക് പുറമെ തീപിടുത്തങ്ങളും ഹൗസ്ഹൗ ബോട്ടില്‍ നിത്യസംഭവങ്ങളാണ്. ആയിരത്തിലധികം ഹൗസ് ബോട്ടുകളാണ് വേമ്പനാട്ട് കായലില്‍ സര്‍വ്വീസ് നടത്തുന്നത്. സഞ്ചാരത്തിനെത്തുന്ന പലരും സന്ധ്യമയങ്ങിയാല്‍ മദ്യ ലഹരിയില്‍ ആയിരിക്കും. പലപ്പോഴും കുട്ടികളെ ശ്രദ്ധിക്കുവാന്‍ ഇവര്‍ മുതിരില്ല. അപകടങ്ങളെ കുറിച്ച് വ്യക്തത ഇല്ലാത്ത ആഭ്യന്തര സഞ്ചാരികളാണ് അപകടങ്ങളില്‍ പ്രധാനമായും ഇരയാകുന്നത്. സഞ്ചാരികള്‍ക്ക് വ്യക്തമായ വിവരങ്ങള്‍ നല്‍കുവാനും ഇവിടെ ആരുമില്ല.
262 ഹൗസ് ബോട്ടുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് വേമ്പനാട്ടുകായലിനുള്ളത്. ഇതില്‍ ലൈസന്‍സ് ഉള്ളത് 700 ഹൗസ് ബോട്ടുകള്‍ക്ക് മാത്രമാണ്. പുന്നമട കുമരകം കേന്ദ്രീകരിച്ച് 800 ഓളം ഹൗസ് ബോട്ടുകളാണ് ലൈസന്‍സും സുരക്ഷയുമില്ലാതെ സര്‍വീസ് നടത്തുന്നത്. ആലപ്പുഴ, കോട്ടയം റീജിയനില്‍ ഹൗസ് ബോട്ടുകളുടെ വര്‍ധനവ് മൂലം വേമ്പനാട്ട് കായല്‍ സംരക്ഷണത്തിന്റെ പേരില്‍ ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് തുറമുഖ വകുപ്പ് നിയന്ത്രിച്ചിരിക്കുകയാണ്.
എന്നാല്‍ പല ഹൗസ് ബോട്ട് ഉടമകളും കൊല്ലം, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഹൗസ് ബോട്ട് രജിസ്റ്റര്‍ ചെയ്തശേഷം ആലപ്പുഴയിലെത്തിച്ച് സര്‍വീസ് നടത്തുകയാണ് പതിവ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മിക്ക ഹൗസ് ബോട്ടുകളും ഇവിടെ സര്‍വ്വീസ് നടത്തുന്നത്. നിയമലംഘനം തടയാന്‍ തുറമുഖ വകുപ്പ് ശ്രമിക്കുന്നില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബോട്ടുകള്‍ നിശ്ചിത സമയത്തിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിബന്ധന പാലിക്കപ്പെടുന്നില്ല മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ മാലിന്യം കായലിലേക്ക് ഒഴുക്കുക പതിവാണ്. ആലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 69 ശതമാനം ഹൗസ് ബോട്ടുകളും ഇന്‍ഷ്വര്‍ ചെയ്തിട്ടില്ല. ജീവന്‍ രക്ഷാ ഉപകരണങ്ങളും അഗ്‌നിശമന സംവിധാനങ്ങളും പല ബോട്ടുകളുമില്ല. അനധികൃത ഇന്ധന വൈദ്യുതി ശേഖരണവും ഉപയോഗവുമാണ് പ്രധാന സുരക്ഷാ ഭീഷണി. നിലവാരമില്ലാത്ത ഹൗസ് ബോട്ടുകള്‍ പരിശോധിക്കപ്പെടുന്നില്ല. ജിപിഎസിനായുള്ള കാത്തിരിപ്പ് നീളുന്നു.
ഹൗസ് ബോട്ട് അപകടങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് ബോട്ടുകളില്‍ ജിപിഎസ് ഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്. ഒരുവര്‍ഷം മുമ്പ് പദ്ധതി ആരംഭിച്ചെങ്കിലും നിലവില്‍ ലൈസന്‍സുള്ള ഹൗസ് ബോട്ടുകളില്‍ പോലും ജിപിഎസ് ഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്‍ജിനൊപ്പം ഘടിപ്പിക്കുന്ന ജിപിഎസിലൂടെ ബോട്ടുകള്‍ എവിടെയാണെന്നും സഞ്ചരിക്കുന്ന വേഗത, കിലോമീറ്റര്‍ തുടങ്ങിയ വിവരങ്ങളും അറിയാന്‍ കഴിയും. ഹൗസ് ബോട്ട് ഉടമകള്‍ക്ക് വിവരങ്ങള്‍ ഫോണിലും ടൂറിസം വകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലും ലഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യഘട്ടത്തില്‍ കുറച്ച് ഹൗസ്‌ബോട്ടുകള്‍ക്ക് ജിപിഎസ് ഘടിപ്പിച്ചെങ്കിലും ഒരു വിവരവും ഉടമകള്‍ക്കും ടൂറിസം വകുപ്പിനും ലഭിച്ചില്ല. ജിപിഎസ് സംവിധാനം നിയന്ത്രിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതാണ് കാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam