
കൊച്ചി: വരാപ്പുഴയില്‍ വീടാക്രമിച്ച കേസിലെ ഒമ്പത് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മരിച്ച ശ്രീജിത്തിന്‍റെ സഹോദരന്‍ സജിത് അടക്കമുളളവര്‍ക്കാണ് ജാമ്യം.
അതേസമയം, വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ എസ്ഐ ദീപക്കിനെതിരെ ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും പുറത്ത്. സ്റ്റേഷനില്‍ വച്ചു ദീപക് ശ്രീജിത്തിനെ മർദിച്ചതായി കൂട്ടുപ്രതികൾ മൊഴി നൽകി. വൈകിട്ടോടെ ദീപക്കിനെ കോടതിയിൽ ഹാജരാക്കും.
കൊല്ലപ്പെട്ട ശ്രീജിത്തിന്റെ സഹോദരൻ സജിത്ത് ഉൾപ്പടെയുള്ളവരുടെ മൊഴികളാണ് വരാപ്പുഴ എസ്ഐ ദീപക്കിനെതിരെ കൊലക്കുറ്റം ചുമത്താൻ നിർണായകമായത്. രാത്രി വൈകി വരാപ്പുഴ സ്റ്റേഷനിലെത്തിയ എസ്ഐ ദീപക് ശ്രീജിത്ത് ഉൾപ്പെടെ ഉള്ള പ്രതികളെ മർദ്ദിക്കുന്നതു കണ്ടു എന്നാണ് മൊഴി.
ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയ മർദ്ദനമേറ്റ പാടുകളും ദീപക്കിനെതിരായി. എന്നാൽ മരണകാരണമായ മർദ്ദനം നടന്നത് എവിടെ വച്ചാണെന്ന് കണ്ടെത്താനായിട്ടില്ല. മെഡിക്കൽ ബോർഡ് നല്‍കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഗമനത്തിൽ എത്താമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എന്നാൽ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ല എന്ന വാദമാണ് ദീപക് ഉയർത്തുന്നത്.
രാത്രി വൈകി സ്വദേശമായ നെടുമങ്ങാട് നിന്നും വണ്ടി ഓടിച്ചു എത്തിയതിന്റെ അമർഷം ശ്രീജിത്തിനെ കാണാനെത്തിയ ബന്ധുക്കളോട് പ്രകടിപ്പിച്ചു എന്ന് ദീപക് സമ്മതിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ ദീപക്കിനെ പറവൂർ കോടതിയിൽ ഹാജരാക്കും. കേസിലെ ഒന്ന് മുതൽ മൂന്നുവരെ പ്രതികളായ ആര്‍ടിഎഫുകാരുടെ ജാമ്യാപേക്ഷയിൽ ഇന്ന് പറവൂർ കോടതി വിധി പറയും. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ടു വകുപ്പുതല നടപടി നേരിട്ട പറവൂർ സിഐ ക്രിസ്പിൻ സാമിനെ പ്രതിയാക്കുന്ന കാര്യത്തിലും അന്വേഷണ സംഘം വൈകാതെ തീരുമാനമെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam