പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി റിമാന്‍റില്‍

By Web TeamFirst Published Nov 6, 2018, 12:25 AM IST
Highlights
  • അരീക്കോട്, പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ അയല്‍വാസിയെ റിമാന്റ് ചെയ്തു. ലോക്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ചാണ് പ്രതിയെ പിടികൂടിയത്.

മലപ്പുറം: അരീക്കോട്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ അയല്‍വാസിയെ റിമാന്റ് ചെയ്തു. ലോക്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ചാണ് പ്രതിയെ പിടികൂടിയത്. ഖത്തറില്‍ ഒളിവിലായിരുന്ന അരീക്കോട് സ്വദേശി ഹാരിസാണ് പിടിയിലായത്. പെണ്‍കുട്ടികളുടെ ബന്ധുകൂടിയാണ് ഹാരിസ്. 

ഖത്തറില്‌നിന്ന് തിരികെ നാട്ടിലേക്ക് വരുന്നതിനിടെ അഹമ്മദാബാദ് വിമാനത്താവളത്തില്‍വെച്ച് വെള്ളിയാഴ്ച പിടികൂടുകയായിരുന്നു. മലപ്പുറത്തെത്തിച്ച പ്രതിയെ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് ആരിഫിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 16ഉം 12ഉം വയസുള്ള ബന്ധുക്കളായ പെണ്‍കുട്ടികളെയാണ് ഹാരിസ് ബലാത്സംഗം ചെയ്തത്. 

ഈ വര്‍ഷം ആദ്യമാണ് 12കാരി ബലാത്സംഗത്തിനിരയായത്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിംലിംഗിനിടെയാണ് ഇക്കാര്യം പുറത്തുപറയുന്നത്. പെണ്‍കുട്ടിയിപ്പോള്‍ മലപ്പുറത്ത് ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. ഇതിന് പിന്നാലെയാണ് 16കാരിയും ഹാരിസിനെതിരെ പരാതി നല്‍കിയത്. ഇതോടെ ഹാരിസ് ഒളിവില് പോയി. അരീക്കോട് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. 

പെണ്‍കുട്ടികളുടേയും ബന്ധുക്കളുടേയും മൊഴികളില്‍ ഉള്‍പ്പെടെ വൈരുധ്യം വന്ന സാഹചര്യത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. തുടര്‍ന്ന് തൃശ്ശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍. അജിത് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ജൂലൈയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. കേസ് അന്വേഷണം വൈകിയതില്‍ അരീക്കോട് പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന വിലയിരുത്തലാണ് ക്രൈംബ്രാഞ്ച് സംഘത്തിന്.

click me!