പീഡനക്കേസ് പ്രതിയായ ഇമാം സഹോദരന്‍റെ സംരക്ഷണയിൽ: ഇന്നോവ വൈറ്റില ഹബ്ബിൽ ഉപേക്ഷിച്ചു

By Web TeamFirst Published Feb 16, 2019, 10:54 AM IST
Highlights

ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് സഹോദരൻമാർ ഇമാമിന്‍റെ ഇന്നോവ പെരുമ്പാവൂരിലെ വീട്ടിലാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ വാഹനം കണ്ടെത്തിയതാകട്ടെ വൈറ്റില ഹബ്ബിൽ നിന്ന്..

കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാം ഷെഫീഖ് അൽ ഖാസിമി ഒളിവിൽ തുടരുന്നു. ഇയാളെ രക്ഷപ്പെടാൻ സഹായിച്ചതിന് കസ്റ്റഡിയിലെടുത്ത ഇമാമിന്‍റെ സഹോദരന്മാരെ ഇന്ന് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.

ഇന്നലെയാണ് ഇമാമിന്‍റെ മൂന്ന് സഹോദരൻമാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ ചോദ്യം ചെയ്തപ്പോൾ മൂന്ന് പേരും ഇമാമിന്‍റെ ഇന്നോവ വാഹനം പെരുമ്പാവൂരിലെ വീട്ടിലാണെന്നാണ് മൊഴി നൽകിയിരുന്നത്. എന്നാൽ ഇത് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പിന്നീട് വ്യക്തമായി. 

മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പെരുമ്പാവൂരിലെ വീട്ടിൽ വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്നാണ് വൈറ്റില ഹബ്ബിൽ നിന്ന് ഇമാമിന്‍റെ ഇന്നോവ കണ്ടെത്തുന്നത്. വൈറ്റില ഹബ്ബിന്‍റെ പാർക്കിംഗ് ഗ്രൗണ്ടിൽ പാ‍ർക്ക് ചെയ്ത നിലയിലായിരുന്നു ഇന്നോവ.

ഇവിടെ ഇന്നോവ നിർത്തിയിട്ട് ഇമാം ബസ്സിൽ കയറി പോയെന്നാണ് കരുതപ്പെടുന്നത്. ഇമാമിന്‍റെ മറ്റൊരു സഹോദരനായ നൗഷാദിന്‍റെ സംരക്ഷണയിലാണ് ഇപ്പോൾ ഇമാം. നൗഷാദും ഒളിവിലാണിപ്പോൾ. 

നിർത്തിയിട്ടിരുന്ന ഇന്നോവ വാഹനത്തിൽ ശാസ്ത്രീയ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. 

ഇന്നലെ ഇമാമിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്ന് ജാമ്യാപേക്ഷ സമർപ്പിക്കാനായി നൽകിയ വക്കാലത്ത് അഭിഭാഷകനിൽ നിന്ന് ഇമാം തിരികെ വാങ്ങി. ഇതേത്തുടർന്ന് ഇമാം കീഴടങ്ങിയേക്കുമെന്നായിരുന്നു സൂചന. എന്നാൽ ഇപ്പോഴും ഒളിവിൽ തുടരുന്ന ഇമാം തീരുമാനം മാറ്റിയെന്നാണ് പൊലീസ് കരുതുന്നത്. 

ഇമാമിന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് കേരളം മുഴുവൻ വ്യാപിപ്പിച്ചിട്ടുണ്ട്. ഇനി കീഴടങ്ങാൻ ഇമാമിന് അവസരമില്ലെന്നും അറസ്റ്റിലേക്ക് നീങ്ങുകയാണെന്നുമാണ് സൂചന. 

click me!