
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനായുള്ള അന്വേഷണം നിലച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണോ മെമ്മറി കാര്‍ഡോ ഇതുവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഇവ രണ്ടും ഇതിനോടകം നശിപ്പിക്കപ്പെട്ടിരിക്കാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
കാറില്‍ വച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ സുനിയില്‍ നിന്ന് കേസിലെ പ്രതികളായ അഭിഭാഷഖരിലെത്തിയെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അന്വേഷണം ദിലീപിലേക്ക് നീണ്ടതോടെ നിര്‍ണായക തെളിവ് നശിപ്പിക്കപ്പെട്ടിരിക്കാമെന്ന് പോലീസ് കരുതുന്നു. കേസില്‍ രണ്ടാമത് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഫോണ്‍ വീണ്ടെടുക്കാനായി അന്വേഷണം തുടരുന്നുവെന്നായിരുന്നു പോലീസ് പറഞ്ഞത്. ഫോണ്‍ നശിപ്പിക്കപ്പെട്ടുവെന്ന വിവരം വിചാരണ ആരംഭിക്കുന്നതിന് മുന്‍പായി പോലീസ് കോടതിയെ അറിയിച്ചേക്കും എന്നാണ് സൂചന. ഫോണിന് എന്തു സംഭവിച്ചു എന്ന കാര്യം കോടതിയെ കൃത്യമായി ബോധിപ്പിച്ചാല്‍ മാത്രമേ പോലീസ് ഇനി മുന്നോട്ട് പോവാന്‍ സാധിക്കൂ.
കേസില്‍ നിര്‍ണായക തെളിവായ ഫോണും മെമ്മറി കാര്‍ഡും കോടതിയില്‍ എത്തിച്ചില്ലെങ്കില്‍ അത് പ്രതികൂലമായി ബാധിച്ചേക്കുമോ എന്ന ആശങ്ക ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ശക്തമാണ്. നടി ആക്രമിക്കപ്പെട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുമ്പോള്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം തന്നെ നിലവിലില്ലെന്നതാണ് മറ്റൊരു വിഷയം. ഫോണിനായി അന്വേഷണം തുടരുന്നുവെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും കേസില്‍ രണ്ടാമത് കുറ്റപത്രം സമര്‍പ്പിച്ചതോടെ പ്രത്യേക അന്വേഷണസംഘത്തെ ഏതാണ്ട് പിരിച്ചു വിട്ട അവസ്ഥയിലാണ്. . ഇതു സംബന്ധിച്ച ഔദ്യോഗികമായി അറിയിപ്പൊന്നും വന്നില്ലെങ്കിലും അന്വേഷണസംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരും മറ്റു ചുമതലകളേറ്റെടുത്ത് വിവിധ സ്ഥലങ്ങളിലേക്ക് മാറിക്കഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam