
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ഇന്ന് നിർണായക ദിനം. ദിലീപിന്‍റെ മൂന്നാമത്തെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് രാവിലെ വിധി പറയും. അറസ്റ്റിലായി അൻപത് ദിവസം തികയുമ്പോഴാണ് ജാമ്യാപേക്ഷയിൽ വിധിയുണ്ടാകുന്നത്.
കഴിഞ്ഞ ജൂലൈ പത്തിനായിരുന്നു നടിയെ ആക്രമിച്ച കേസിൽ ദിലിപീനെ അറസ്റ്റ് ചെയ്തത്. ബലാൽസംഗം, ഗൂഡാലോചന അടക്കം ജീവപരന്ത്യം തടവ് കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയായിരുന്നു ജയിലിലടച്ചത്. മജിസ്ട്രേറ്റ് കോടതിയേയും ഹൈക്കോടതിയേയും ജാമ്യം തേടി സമീപിച്ചെങ്കിലും കടുത്ത വിമർശനങ്ങളോടെ തളളി. ഇതിനുപിന്നാലെയാണ് മൂന്നാമതും ജാമ്യം തേടി ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ വീണ്ടും സമീപിച്ചത്. '
മുൻ ജാമ്യാപേക്ഷകളിൽ വിഭിന്നമായി നിരവധി കാര്യങ്ങൾ ഇത്തവണ ഉന്നയിച്ചിരുന്നു. ചില മാധ്യമങ്ങളും പൊലീസ് ഉദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേർന്ന് നടത്തിയ ഗൂഡാലോചനയുടെ ഇരയാണ് താനെന്നായിരുന്നു ഇതിലൊന്ന്. മുഖ്യപ്രതി സുനിൽകുമാറിന്‍റെ മൊഴി മാത്രം മുഖവിലക്കെടുത്ത് പൊലീസ് തന്നേ വേട്ടായിടിയെന്നും പ്രതിഭാഗം ആരോപിച്ചു.
എന്നാൽ നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ബുദ്ധികേന്ദ്രം തന്നെ ദിലീപാണെന്നും 219 തെളിവുകൾ നിലവിൽ താരത്തിനെതിരെ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷനും അറിയിച്ചു. കാവ്യാ മാധവനുമായി സുനിൽകുമാറിനുളള പരിചയവും അടുപ്പവും വരെ പ്രോസിക്യൂഷൻ അവതരിപ്പിച്ചു. സിനിമാമേഖലയെ നിയന്ത്രിക്കുന്ന ദിലീപിന് ജാമ്യം നൽകി പുറത്തുവിട്ടാൽ സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നും ബോധിപ്പിച്ചിരുന്നു.
ജാമ്യാപേക്ഷ തളളിയാൽ ഈ ഓണക്കാലത്ത് ദിലീപിന് ആലുവ സബ് ജയിലിൽ തുടരേണ്ടതായി വരും. ജാമ്യം കിട്ടിയാൽ നഷ്ടപ്പെട്ട സൽപ്പേര് വീണ്ടെടുക്കാൻ ഫാൻസ് അസോസിയേഷനും ഉപയോഗിച്ച് വിപുലമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam