നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ട ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നത് മാറ്റി

By Web TeamFirst Published Jan 23, 2019, 11:56 AM IST
Highlights

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ട ദിലീപിന്‍റെ ഹർജി മാറ്റിവെച്ചു. ഫെബ്രുവരി അവസാനവാരത്തിലേക്കാണ് മാറ്റിവെച്ചത്.

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീകോടതി മാറ്റിവെച്ചു. ഫെബ്രുവരി അവസാനവാരത്തിലേക്കാണ് മാറ്റിവെച്ചത്. സർക്കാർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന ദിലീപിന്‍റെ ആവശ്യം അംഗീകരിച്ചാണ് നടപടി. 

ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്‍റെ ഹർജി മാറ്റിവെച്ചത്. ദിലീപിന് മെമ്മറി കാർഡിന്‍റെ പകർപ്പ് നൽകാനാകില്ല എന്നാണ് സംസ്ഥാന സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാൻ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും എന്നാണ് ദിലീപിന്‍റെ വാദം. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദിലീപ് വാദിക്കുന്നു.  നടിയെ ആക്രമിച്ച് നീലച്ചിത്രം പകര്‍ത്താനാണ് പ്രതികള്‍ ഉദ്ദേശിച്ചിരുന്നത് എന്നാണ് പ്രോസിക്യൂഷന്‍റെ വാദം. 

ഇത് പുറത്ത് വന്നാല്‍ ഇരയ്ക്ക് ആജീവനാന്തം ഭീഷണിയുണ്ടാകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. മെമ്മറി കാർഡ് തൊണ്ടി മുതൽ തന്നെയാണെന്നും തെളിവായി മാത്രം പരി​ഗണിക്കാവുന്ന ഒന്നല്ലെന്നും വിലയിരുത്തിയാണ് ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളിയത്. അതിനെതിരെയാണ് ദിലീപ് സുപ്രീം കോടതിയിൽ പോയത്. 

click me!