
കൊച്ചി: പ്രമുഖ നടിയെ യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചതായി പരാതി. ഇന്നലെ അർധരാത്രി അങ്കമാലിയിൽ വച്ചായിരുന്നു സംഭവം. ഉപദ്രവിച്ചശേഷം അര്‍ധരാത്രിയോടെ നടിയെ കാക്കനാടിനു സമീപം ഇറക്കിവിട്ടു. മുൻ ഡ്രൈവർ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു നടി പൊലീസിനു മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടിയെ ഉപദ്രവിച്ചവരെക്കുറിച്ച് സൂചന കിട്ടിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ തേടി.
നടി സഞ്ചരിച്ച വാഹനത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ച് അപകടത്തിന്റെ പ്രതീതി ഉണ്ടാക്കിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകൽ. അപകടമുണ്ടാക്കിയ ശേഷം, പിന്നാലെ എത്തിയ വാഹനത്തിലുണ്ടായിരുന്നവർ നടിയുടെ വാഹനത്തിൽ കയറി ഓടിച്ചു പോവുകയായിരുന്നു. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. രണ്ടു മണിക്കൂറിലേറെ എറണാകുളം നഗരത്തിൽ ചുറ്റിക്കറങ്ങിയ വാഹനം കാക്കനാട് ഭാഗത്ത് ഒരു സംവിധായകന്റെ വീടിനു സമീപം നിർത്തിയശേഷം രാത്രി പന്ത്രണ്ട് മണിയോടെ പ്രതികൾ കടന്നു കളയുകയായിരുന്നു.
പിടിയിലായ ഡ്രൈവറുടെ കൂടി അറിവോടെയാണു സംഭവം ആസൂത്രണം ചെയ്തതെന്നു പൊലീസിനു സംശയമുണ്ട്. ഇതു മുൻനിർത്തി ഡ്രൈവറെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചുകഴിഞ്ഞു.
മുൻ ഡ്രൈവറാണു പ്രധാന പ്രതിയെന്നു നടി പൊലീസിനു മൊഴി നൽകിയതായാണു സൂചന. എറണാകുളം നഗരത്തിലെയും റൂറലിലെയും പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam