ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി പനീര്‍ശെല്‍വം

By Web DeskFirst Published Feb 17, 2017, 9:27 AM IST
Highlights

ചെന്നൈ: അണ്ണാ ഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറി ശശികലയേയും ബന്ധുക്കളായ ടി.ടി.വി ദിനകരനെയും വെങ്കിടേഷിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി ഒ.പനീര്‍ശെല്‍വം. അണ്ണാ ഡിഎംകെ ഭരണഘടന പ്രകാരം അഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രാഥമിക അംഗത്വം ഉള്ളയാള്‍ക്ക് മാത്രമേ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയൂ. എന്നാല്‍, ഇതിന് വിരുദ്ധമായാണ് ശശികല തല്‍സ്ഥാനത്ത് എത്തിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് നടപടി.

ശശികല പാര്‍ട്ടി പ്രസീഡിയം ചെര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ ഇ.മധുസൂദനനാണ് ശശികലയെയും ബന്ധുക്കളെയും പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. രാഷ്ട്രീയത്തിലേക്കില്ലെന്ന മുന്‍നിലപാടില്‍ നിന്ന് ശശികല വ്യതിചലിച്ചുവെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശശികലയുമായി യാതൊരു തരത്തിലുള്ള ബന്ധവും നിലനിര്‍ത്തരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ശശികലയ്ക്കൊപ്പം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ടി.ടി.വി.ദിനകരന്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാണ്.

ഇടക്കാല ജനറല്‍ സെക്രട്ടറി എന്നൊരു പദവി അണ്ണാ ഡിഎംകെയില്‍ ഇല്ല. ഇതിനെതിരെയാണ് ശശികലയുടെ പദവി. പുതിയ ജനറല്‍ സെക്രട്ടറിയ്ക്ക് മാത്രമേ അംഗങ്ങളെ സ്ഥാനങ്ങളില്‍ നിന്നു മാറ്റാന്‍ കഴിയൂ. അതുകൊണ്ടു തന്നെ ശശികലയ്ക്ക് പുറത്താക്കാന്‍ കഴിയില്ലെന്നാണ് മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. പനീര്‍ശെല്‍വത്തെ പിന്തുണച്ചതോടെയാണ് മധുസൂദനനെ പ്രിസിഡിയം സ്ഥാനത്തു നിന്നും മാറ്റിയത്. ശശികല പക്ഷക്കാരനായ സെങ്കോട്ടയ്യനാണ് പകരം ചുമതല നല്‍കിയത്.

 

click me!