
മാവേലിക്കര: കൊല്ലം ജില്ലയിലെ മണപ്പള്ളിയില്‍ ഹസന്‍കുഞ്ഞ് എന്നയാള്‍ നടത്തിവരുന്ന അക്യുഹീലിങ്ങ് എന്ന അക്യുപങ്ചര്‍ ചികിത്സാലയത്തില്‍ ശരീരഭാരം കുറക്കാനുള്ള ചികിത്സ തേടിയെത്തിയ യുവാവ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ നിയമനടപടിക്ക് നീങ്ങുന്നു. മാവേലിക്കര തെക്കേക്കര ചെറുകുന്നം അരുണാലയത്തില്‍ പവിത്രന്റെ മകന്‍ പ്രശാന്ത്ബാബു (കുട്ടന്‍30) ആണ് മരിച്ചത്. പ്രശാന്തിന്റെ ശരീരത്തില്‍ ചെറിയ മുഴകള്‍ കാണപ്പെട്ടിരുന്നു. ഇതിന് ചികിത്സതേടി ആറുമാസം മുമ്പാണ് ഇയാള്‍ ഹസന്‍കുഞ്ഞിന്റെ ചികിത്സാലയത്തിലെത്തിയത്.
ശരീരത്തില്‍ കെട്ടിക്കിടക്കുന്ന കൊഴുപ്പു കാരണമാണ് മുഴകള്‍ ഉണ്ടാകുന്നതെന്നും തടികുറച്ച് കൊഴുപ്പു നിയന്ത്രണ വിധേയമാക്കണമെന്നുമുള്ള ഹസന്‍കുഞ്ഞിന്റെ നിര്‍ദ്ദേശപ്രകാരം പ്രശാന്ത് ആഹാരത്തില്‍ നിയന്ത്രണം വരുത്തി. അഞ്ചുമാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ശരീരം ക്ഷീണിക്കുകയും കുറച്ച് മുഴകള്‍ മാറുകയും ചെയ്തു. ഇതോടെ മാതാപിതാക്കള്‍ക്കും പ്രശാന്തിനും ചികിത്സയില്‍ വിശ്വാസം വന്നു. എന്നാല്‍ ഇയാളുടെ ആരോഗ്യം ദിനംപ്രതി ക്ഷയിച്ചു വന്നു. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി തീര്‍ത്തും അവശനിലയിലായ പ്രശാന്ത്, വായയും നാക്കും പഴുത്ത് പൊട്ടി വെള്ളം പോലും ഇറക്കാനാവാത്ത സ്ഥിതിയിലെത്തി.
ഇക്കാര്യം പലതവണ ശ്രദ്ധയില്‍ പെടുത്തിയപ്പോഴൊക്കെ ദുഷിച്ച കൊഴുപ്പ് പുറത്തു പോകുന്നതാണെന്നും തലയില്‍ നിന്നും കൊഴുപ്പ് നീങ്ങാന്‍ തുടങ്ങിയെന്നും പ്രശാന്തിനെയും മാതാപിതാക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചെന്നും മറ്റ് ചികിത്സ തേടി പോകാതെ അക്യുപങ്ചര്‍ ചികിത്സ തുടരാന്‍ ഇയാള്‍ നിര്‍ദ്ദേശിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു. ശനിയാഴ്ച രോഗം മൂര്‍ച്ഛിച്ചതോടെ മണപ്പള്ളിയിലെ ചികിത്സാലയത്തിലെത്തിച്ച പ്രശാന്തിനെ മറ്റെവിടെയെങ്കിലും കൊണ്ടുപോകാന്‍ ഹസന്‍കുഞ്ഞ് പറയുകയായിരുന്നു.
ഇവിടെ നിന്നും ഓച്ചിറയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പ്രശാന്ത് മരിച്ചു. ഹസന്‍കുഞ്ഞിന്റെ ചികിത്സാലയം പോലീസ് നിരീക്ഷണത്തിലാണെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നശേഷമേ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനാവൂ എന്നും പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam