
ആധാർ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി സംസ്ഥാനത്തെ പത്ത് പോസ്റ്റോഫീസുകൾ. പ്രധാന നഗരങ്ങളിലെ പോസ്റ്റോഫീസുകളിലാണ് ആധാർ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആധാറിലെ വിവരങ്ങൾ തിരുത്താനുള്ള സംവിധാനം 109 പോസ്റ്റോഫീസുകൾ സജ്ജമാക്കിയിട്ടുണ്ട്.
ആധാറിലെ എന്ത് വിവരങ്ങളും പോസ്റ്റോഫീസിലെത്തിയാൽ പുതുക്കാനാകും. അഡ്രസ്, ഫോട്ടോ തുടങ്ങിയവയിലെ തെറ്റുകളെല്ലാം തിരുത്താം.
ആധാർ എടുക്കാത്തവരുണ്ടെങ്കിൽ നേരെ പോസ്റ്റോഫീസിലേക്ക് ചെല്ലുക. വിവരങ്ങൾ നൽകി പണമടച്ചാൽ കയ്യോടെ ആധാർ കാർഡുമായി മടങ്ങാം. ആധാർ വിവരങ്ങളിൽ തെറ്റുകൾ തിരുത്താൻ നടന്ന് വലഞ്ഞവരെയും പോസ്റ്റോഫീസുകൾ സ്വാഗതം ചെയ്യുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ 10 പ്രധാന പോസ്റ്റോഫീസുകളിൽ നിലവിൽ ആധാർ സേവനങ്ങൾ ലഭ്യമാണ്. 109 പോസ്റ്റോഫീസുകൾ ആധാർ പുതുക്കൽ സേവനം നൽകുന്നു. വൈകാതെ കേരളത്തിലെ 1,040 പോസ്റ്റോഫീസുകളിൽ പൂർണ തോതിൽ ആധാർ സേവനം എത്തിക്കാനാണ് തപാൽ വകുപ്പിന്റെ ശ്രമം.
പുതുതായി ആധാർ എടുക്കുന്നതിന് 50 രൂപ ഫീസടച്ച് ഫോം പൂരിപ്പിച്ച് നൽകണം. ആധാറിലെ വിവരങ്ങൾ തിരുത്തുന്നതിന് 25 രൂപയാണ് സർവീസ് ചാർജ്. യുണീക്ക് ഐഡൻഡിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് തപാൽ വകുപ്പ് ആധാർ സേവനങ്ങൾ നൽകുന്നത്. അക്ഷയ കേന്ദ്രങ്ങൾ വഴി ആധാർ സേവനങ്ങൾ നൽകുന്നതിലെ അപര്യാപ്തത ബോധപ്പെട്ടതിനെ തുടർന്നാണ് തപാലാഫീസ് വഴിയും സേവനങ്ങൾ നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam