വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും നിർണായക തെളിവായ മൊബൈൽ ഫോണുകൾ ഹാജരാക്കിയില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. 

തിരുവനന്തപുരം: വിവാഹം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ രാഹുലിനെ ഇന്നും നാളെയും കൂടി ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി കൃത്യമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. പല ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്തമായ മറുപടി നൽകുന്നില്ലെന്നാണ് വിവരം. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കാലയളവിൽ രാഹുൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില ഫോണുകൾ വിറ്റുപോയെന്നും ചിലത് നഷ്ടപ്പെട്ടെന്നുമാണ് രാഹുലിന്റെ മറുപടി. ഇത് അന്വേഷണ സംഘം പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. തിരുവനന്തപുരത്തും പാലക്കാടും വച്ച് പീഡനം നടന്നുവെന്നാണ് യുവതിയുടെ പരാതി. യുവതി ഗർഭിണിയായതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും കേസായതും.

ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ വ്യവസ്ഥയനുസരിച്ചാണ് രാഹുൽ ഹാജരാകുന്നത്. ഇന്നലെ ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം വൈകുന്നേരം നാലു മണിയോടെയാണ് അദ്ദേഹത്തെ വിട്ടയച്ചത്. കേസിലെ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി രാഹുലിന്റെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചു വരികയാണ്.