കുളത്തില്‍ മുങ്ങിത്താന്ന വിദ്യാര്‍ത്ഥിയെ രക്ഷിച്ച ആദര്‍ശിന് ആദരം

By Web DeskFirst Published Apr 4, 2018, 8:27 PM IST
Highlights
  • തങ്ങള്‍ എത്തുന്നതിന് മുമ്പ് കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ അന്തിയൂര്‍ സ്വദേശി ചിന്നന്‍ എന്ന ആദര്‍ശി(24)ന് ഫയര്‍ ഫോഴ്സിന്റെ ആദരം.

തിരുവനന്തപുരം: മറ്റുള്ളവര്‍ നോക്കിനില്‍ക്കെ കുളത്തിന് നടുക്കുള്ള ടാങ്കില്‍ പതിനെഞ്ചടിയോളം താഴ്ചയില്‍ അകപ്പെട്ട പതിമൂന്നുകാരനെ സാഹസികമായി രക്ഷപ്പെടുത്തി ഇരുപത്തിനാലുകാരന്‍. പത്തുമിനിറ്റോളം വെള്ളത്തിനടിയില്‍ അകപ്പെട്ട കുട്ടി ഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്ങള്‍ എത്തുന്നതിന് മുമ്പ് കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ അന്തിയൂര്‍ സ്വദേശി ചിന്നന്‍ എന്ന ആദര്‍ശി(24)ന് ഫയര്‍ ഫോഴ്സിന്റെ ആദരം.

ഇന്ന് വൈകിട്ട് 3 മണിക്ക് ബാലരാമപുരം വഴിമുക്കിന് സമീപം അന്തിയൂര്‍ കൈതകുളത്തിലാണ് സംഭവം. കുളത്തില്‍ കുളിക്കാന്‍ എത്തിയ നാലംഗ സംഘത്തിലെ പതിമൂന്നു വയസുകാരന്‍ ശ്രീകാന്ത് എന്ന കുട്ടിയാണ് ചെളിയില്‍ താഴ്ന്നു പോയത്. സംഘത്തില്‍ ഉണ്ടായിരുന്ന ഒരു കുട്ടി സമീപത്തു വസ്ത്രം അലക്കുകയായിരുന്ന യുവതിയോട് കൂട്ടുകാരന്‍ താഴ്ന്ന കാര്യം പറഞ്ഞു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടുന്നത് കണ്ടാണ് വീടിന് മുകളില്‍ ഇരിക്കുകയായിരുന്ന ആദര്‍ശും കുളത്തിനു സമീപം ഓടിയെത്തിയത്.  

കുട്ടി എവിടെയാണ് മുങ്ങിയത് എന്ന് നാട്ടുകര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. ഫയര്‍ഫോഴ്സ് വരുന്നതുവരെ നാട്ടുകാര്‍ കാത്തു നിന്നപ്പോള്‍ സ്വന്തം ജീവന്‍ വകവെയ്ക്കാതെ ഉടന്‍ തന്നെ ആദര്‍ശ് കുളത്തിലേക്ക് എടുത്ത് ചാടി. ആദ്യം കുറെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വെള്ളത്തിലൂടെ മുന്നോട്ടു പോകുമ്പോള്‍ കുട്ടിയുടെ കൈ തന്റെ ശരീരത്തില്‍ തട്ടുകയായിരുന്നെന്ന് ആദര്‍ശ് പറഞ്ഞു. കൈകളില്‍ പിടിച്ചു ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ചെളിയില്‍ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആദര്‍ശ് കുളത്തിനു നടുവിലെ ടാങ്കില്‍ പതിനഞ്ചടിയോളം താഴ്ചയില്‍ ചെളിയില്‍ മുങ്ങിയ കുട്ടിയുമായി തിരികെ പൊങ്ങി കരയിലെത്തിച്ചത്. ഉടന്‍ തന്നെ കുട്ടിയ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് അധികൃതര്‍ ആദര്‍ഷിന്റെ ധീരതയ്ക്ക് അനുമോദനം നല്‍കി. 

click me!