'ആര്‍പ്പോ ആര്‍ത്തവം' പരിപാടിയെ രൂക്ഷമായി പരിഹസിച്ച് അഡ്വ.ജയശങ്കര്‍

By Web TeamFirst Published Jan 13, 2019, 7:44 PM IST
Highlights

 ശബരിമല കീഴടക്കിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീര്‍ത്തനം രചിച്ച സംവിധായകന്‍ പ്രിയനന്ദനന്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും ഇന്ന് പ്രഖ്യാപിച്ചേക്കും

ര്‍പ്പോ ആര്‍ത്തവം എന്ന പരിപാടിക്കെതിരെ രൂക്ഷ പരിഹാസവുമായി അഡ്വ. ജയശങ്കര്‍. വനിതാ മതിലിന്‍റെ വമ്പിച്ച വിജയത്തിനും ശബരിമല യുവതി പ്രവേശനത്തിനും ശേഷം ഇതാ ആര്‍പ്പോ ആര്‍ത്തവത്തിന്‍റെ രണ്ടാം ഭാഗം എറണാകുളത്ത് അരങ്ങേറുന്നു. ശബരിമല കീഴടക്കിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീര്‍ത്തനം രചിച്ച സംവിധായകന്‍ പ്രിയനന്ദനന്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും ഇന്ന് പ്രഖ്യാപിച്ചേക്കും. ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

പഴയ ചുംബന സമരക്കാരും മറ്റേതാനും സാംസ്കാരിക നായകരും ചേർന്നാണ് കഴിഞ്ഞ നവംബർ 25ന് എറണാകുളം ഹൈക്കോടതി ജങ്ഷനിൽ ആർപ്പോ ആർത്തവം പരിപാടി സംഘടിപ്പിച്ചത്. തുലാമാസ പൂജയ്ക്കു ശബരിമല കയറാൻ ശ്രമിച്ചു പകുതി വഴിക്കു തിരിച്ചിറങ്ങേണ്ടി വന്ന രഹന ഫാത്തിമ ആയിരുന്നു പ്രധാന താരം. മതവികാരം വ്രണപ്പെടുത്തിയ കേസിൽ തൊട്ടടുത്ത ദിവസം ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു, തുടർന്ന് ഏതാനും ദിവസം അവർ ജയിൽ വാസം അനുഭവിച്ചു.

വനിതാ മതിലിൻ്റെ വമ്പിച്ച വിജയത്തിനും ശബരിമല യുവതി പ്രവേശനത്തിനും ശേഷം ഇതാ ആർപ്പോ ആർത്തവത്തിൻ്റെ രണ്ടാം ഭാഗം എറണാകുളത്ത് അരങ്ങേറുന്നു. സംഘാടകർ പഴയ കൂട്ടർ തന്നെ. വേദി, കുറേക്കൂടി സ്ഥലസൗകര്യമുളള മറൈൻ ഡ്രൈവിലേക്കു മാറ്റി.

സാംസ്കാരിക പ്രവർത്തകരും ചുംബന പ്രതിഭകളും മാത്രമല്ല നവകേരള ശില്പികളും അഭിനവ നവോത്ഥാന നായകരും ഇക്കുറി ആർപ്പോ ആർത്തവത്തിൽ പങ്കെടുക്കുന്നു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ; മുഖ്യപ്രഭാഷകൻ കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ചു, പക്ഷേ കൃത്യാന്തര ബാഹുല്യം നിമിത്തം പങ്കെടുക്കാൻ കഴിയില്ല എന്നറിയിച്ചു.

ശബരിമല കീഴടക്കിയ കനകദുർഗ, ബിന്ദു എന്നിവർക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷൻ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീർത്തനം രചിച്ച സംവിധായകൻ പ്രിയനന്ദനന് എഴുത്തച്ഛൻ പുരസ്കാരവും ഇന്ന് പ്രഖ്യാപിച്ചേക്കും. കൂട്ടത്തിൽ രഹന ഫാത്തിമക്കെതിരെയുളള കേസ് കൂടി പിൻവലിക്കാൻ ദയവുണ്ടാകണം.

click me!