ഹൈക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ അഴിഞ്ഞാട്ടം

By Web DeskFirst Published Jul 20, 2016, 2:02 PM IST
Highlights

ഹൈക്കോടതിയിലെ മീഡിയാ റൂമിന് സമീപം വനിതാ മാധ്യമ പ്രവര്‍ത്തകരെ, ഏതാനും അഭിഭാഷകര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. വിവരമറിഞ്ഞെത്തിയ മറ്റ് മാധ്യമ പ്രവര്‍ത്തകരെ കോടതി വളപ്പിലും റോഡിലുംവെച്ച് അഭിഭാഷകര്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴി, ചീഫ് റിപ്പോര്‍ട്ട് സലാം പി ഹൈദ്രോസ് എന്നിവരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മീഡിയാവണ്‍ ടിവി ക്യാമറാമാന്‍ മോനിഷിനെ ഓടിച്ചിട്ട് തല്ലുകയും ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകര്‍ ഹൈക്കോടതിക്കുള്ളില്‍ അഭയം തേടി. തുടര്‍ന്ന് കോടതി വളപ്പിന് പുറത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമിച്ചതോടെ വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പിന്നീട് അഭിഭാഷകര്‍ കൂട്ടത്തോടെയെത്തി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു.

യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ മനേഷ് മാത്യു മാഞ്ഞൂരാനെക്കുറിച്ച് വാര്‍ത്ത നല്‍കിയതോടെയാണ് അഭിഭാഷക സംഘടനകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞത്. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഉറപ്പു നല്‍കി. സംഭവത്തില്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ഹൈക്കോടതി രജിസ്ട്രാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ പരാതി നല്‍കി.  മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഉറപ്പു നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പ്രകടനമായി മാധ്യമ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.

കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി വളപ്പില്‍ പോലും സംരക്ഷണം കിട്ടാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അഭിപ്രായപ്പെട്ടു.

click me!