പൂനെ തദ്ദേശ തെരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കുന്നതിനായി ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങൾ തമ്മിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു. ശരദ് പവാർ വിഭാഗത്തിൻ്റെ ചിഹ്നത്തിൽ മത്സരിക്കണമെന്ന നിർദ്ദേശം അജിത് പവാർ വിഭാഗം തള്ളിയതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്.
മുംബൈ: അടുത്ത മാസം നടക്കുന്ന പൂനെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കുന്നതിനെച്ചൊല്ലി എൻസിപി (എസ്പി)യും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ എൻസിപിയും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടി. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളിൽ മത്സരിക്കാനുള്ള നിർദ്ദേശം അജിത് പവാർ വിഭാഗം അംഗീകരിക്കാത്തതോടെയാണ് ചർച്ച വഴിമുട്ടിയത്. മുംബൈ, പൂനെ എന്നിവയുൾപ്പെടെ മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 15 ന് നടക്കും.
ഡിസംബർ 30 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ശരദ് പവാർ വിഭാഗം നേതൃത്വം വെള്ളിയാഴ്ച ഉപമുഖ്യമന്ത്രി അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ചർച്ചയിൽ പുരോഗതിയുണ്ടായില്ലെന്ന് എൻസിപി (എസ്പി) മുതിർന്ന നേതാവ് അങ്കുഷ് കകഡെ പറഞ്ഞു. സഖ്യത്തെക്കുറിച്ച് ഒരു ചർച്ചയും ഞങ്ങൾക്കിടയിൽ നടന്നില്ല. എൻസിപി (എസ്‌പി) സ്വന്തം ചിഹ്നത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സഖ്യം നടന്നാൽ അവർക്ക് അവരുടെ ചിഹ്നത്തിൽ മത്സരിക്കാമെന്നും അറിയിക്കാനാണ് എത്തിയത്. എന്നാൽ നിർദേശം അവർ അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എൻസിപി ശരദ് പവാർ വിഭാഗം നിലവിൽ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തോടൊപ്പമാണെന്നും സഖ്യകക്ഷികളായ കോൺഗ്രസ്, ശിവസേന (യുബിടി) എന്നിവരുമായി തുടരാൻ പാർട്ടി താൽപ്പര്യപ്പെടുമെന്ന് വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെയും അഭിപ്രായപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എൻസിപി അജിത് പവാർ വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം അലാറം ക്ലോക്കും ശരദ് പവാർ വിഭാഗത്തിന്റേത് കാഹളമൂതുന്ന പുരുഷനുമാണ്. രണ്ട് ദിവസം മുമ്പ്, എൻസിപിയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, എൻസിപി (എസ്പി) സിറ്റി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് ജഗ്താപ് പാർട്ടിയിൽ നിന്ന് രാജിവച്ചു. വെള്ളിയാഴ്ച (ഡിസംബർ 26) ജഗ്താപ് കോൺഗ്രസിൽ ചേർന്നു.
