എന്‍ഡിടിവി ഇന്ത്യക്ക് പിന്നാലെ രണ്ട് ചാനലുകൾ കൂടി കേന്ദ്രസര്‍ക്കാരിന്റെ നിരോധനം

By Web DeskFirst Published Nov 6, 2016, 8:47 AM IST
Highlights

ദില്ലി: എന്‍ഡിടിവി ഇന്ത്യക്ക് പിന്നാലെ രണ്ട് ചാനലുകൾ കൂടി കേന്ദ്രസര്‍ക്കാരിന്റെ നിരോധനം. ന്യൂസ് ടൈം അസമിനും കെയര്‍ വേൾഡ് ടിവിക്കുമാണ് നിരോധനം. പീഡിപ്പിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഇരയുടെ വിവരം പുറത്തുവിട്ടതിനാണ് നടപടി. പത്താൻകോട്ട് ഭീകരാക്രമണത്തിൽ ഭീകര്‍ ഒളിച്ചിരുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ആയുധപ്പുരയിൽ ഭീകരര്‍ കടന്നാൽ അവരെ കീഴ്പ്പെടുത്താൻ കഴിഞ്ഞേക്കില്ല എന്ന് തത്സമയ റിപ്പോര്‍ട്ടിംഗിനിടെ പറഞ്ഞതിനാണ് എൻഡിടിവി ഇന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ ഒരു ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രണ്ട് ചാനലുകൾക്ക് കൂടി നിരോധനം ഏര്‍പ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

അസമിലെ വാര്‍ത്താ ചാനലായ ന്യൂസ് ടൈം അസമിനും കെയര്‍ വേൾഡ് ടിവിക്കുമാണ് നിരോധനം. വീട്ടുജോലി ചെയ്യുമ്പോൾ പീഡിപ്പിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഇരയുടെ മേൽവിലാസം പുറത്തുവിട്ടതിനാണ് നടപടി. ഇരയ്ക്ക് മാനഹാനിയുണ്ടായതായി വിലയിരുത്തിയാണ് ന്യൂസ് ടൈം അസം ഒരു ദിവസവും കെയര്‍ വേൾഡ് ടിവിക്ക് ഒരാഴ്ചയും സംപ്രേഷണം നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദ്ദേശം.

മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ കാണിച്ചതടക്കമുള്ള നിയമലംഘനത്തിന് കൂടുതൽ വാര്‍ത്താ ചാനലുകൾക്കെതിരെയും നടപടിയുണ്ടായേക്കും. അതിനിടെ എൻഡിടിവി ഇന്ത്യ നിരോധിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. എൻഡിടിവി ഇന്ത്യയുടെ നിരോധനത്തിനെതിരെ പ്രതിപക്ഷപ്പാര്‍ട്ടികൾ രംഗത്തെത്തി. നിരോധനം പിൻവലിക്കണമെന്ന് സിപിഐ(എം) ആവശ്യപ്പെട്ടു. നിരോധനത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയൻ ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.

 

click me!