
യു പി: ഉത്തർപ്രദേശിൽ മധ്യവയസ്കയെ ബലാത്സംഗം ചെയ്ത് മുഖത്ത് ആസിഡൊഴിച്ചു. കാൺപൂരിൽ റെയിൽവേ സ്റ്റേഷന് സമീപം ബുധനാഴ്ച്ചയാണ് സംഭവം. മൂന്ന് പേർ ചേർന്ന് മധ്യവയസ്കയെ ബലാത്സംഗം ചെയ്ത് ആസിഡൊഴിച്ച ശേഷം പാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
കാൺപൂർ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ പാളത്തിലാണ് നാൽപ്പത് വയസ്സ തോന്നിക്കുന്ന സ്ത്രീയെ ആസിഡ് മുഖത്ത് വീണ് പൊള്ളിയ നിലയിൽ കണ്ടെത്തിയത്. സ്ത്രീയുടെ കണ്ണുകൾക്കും കഴുത്തിനും സാരമായി പൊള്ളലേറ്റിരുന്നു. ഇവരുടെ സംസാരശേഷിയും നഷ്ടമായി.
ആംഗ്യഭാഷയിൽ സ്ത്രീ നൽകിയ വിവരമനുസരിച്ചാണ് മൂന്ന് പേർ ചേർന്ന് തന്നെ ബലാത്സംഗം ചെയ്തെന്നും തുടർന്ന് ആസിഡൊഴിച്ച് പാളത്തിൽ ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് അറിയുന്നത്. അലഹബാദിൽ നിന്നും കാൺപൂരിലെത്തിയ സ്ത്രീ കുറച്ച് ദിവസമായി റെയിൽവേ സ്റ്റേഷന് സമീപമുള്ള ചേരിയിലാണ് താമസിച്ചിരുന്നതെന്നും തീവണ്ടിയിൽ ഭിക്ഷാടനം നടത്തിയിരുന്നെന്നും പ്രദേശവാസികൾ വിവരം നൽകിയിട്ടുണ്ട്.
പ്രതികളെക്കുറിച്ച് ഇതുവരെ പൊലീസിന് സൂചനയൊന്നുമില്ല. സ്ത്രീ സുഖം പ്രാപിച്ചതിന് ശേഷം വിശദമായി മൊഴി ലഭിച്ചാലെ പ്രതികളെക്കുറിച്ച് വിവരം ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്. കൂട്ടബലാത്സംഗങ്ങള്‍ തുടർക്കഥയായിട്ടും പൊലീസ് നിഷ്ക്രിയത്വം തുടരുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam