
പ്ലാച്ചിമട: പ്ലാച്ചിമട ട്രിബ്യൂണൽ ബിൽ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി തുടർപ്രക്ഷോഭത്തിനൊരുങ്ങുകയാണ്. സംസ്ഥാന സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് പ്ലാച്ചിമട സമരസമിതി നേതാക്കൾ അറിയിച്ചു.
കുടിവെളളം മുട്ടിച്ച കമ്പനിക്കെതിരെ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് മൂന്നാംഘട്ട സമരം. കുടിവെളള ചൂഷണം കണ്ടെത്തിയത് മൂലം കമ്പനി പൂട്ടിയതും പ്ലാച്ചിമട ട്രിബ്യൂണൽ രൂപീകരിച്ചതും തുടർ സമരങ്ങളുടെ ഫലമായിരുന്നു. 2009 ൽ സംസ്ഥാന സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയിൽ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രദേശവാസികൾക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയിൽ നിന്നും ഈടാക്കാമെന്ന് റിപ്പോർട്ടും അന്ന് നൽകിയിരുന്നു. 2011 ൽ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ല് നിയമസഭ പാസ്സാക്കി. രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യക്തതക്കുറവിന്‍റെ പേരിൽ ബില്ല് മടക്കി. സംസ്ഥാന സർക്കാർ ഇതിന് വിശദീകരണം നൽകിയെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. പ്രാദേശിക സമരങ്ങളെ തുടർന്ന് 2017 ൽ, പരിഹാരമുറപ്പെന്ന് സംസ്ഥാന സർക്കാർ വാഗ്ദാനം നൽകി. ഇതും കടലാസിൽ മാത്രമാണെന്ന് സമരസമിതി ആരോപിക്കുന്നു.
പ്ലാച്ചിമടയിൽ പുതിയ പദ്ധതിക്ക് കളമൊരുങ്ങുന്നത് പ്രതിഷേധാർഹമെന്നാണ് സമരസമിതിയുടെ നിലപാട്. പ്ലാച്ചിമടയിൽ കാർഷികേതര പദ്ധതികളൊന്നും അനുവദിക്കില്ലെന്നും ഇവർ പറയുന്നു .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam