
ജോലി,വീട്,കുട്ടികള്‍,കുടുംബം എന്നിങ്ങനെ തിരക്കിട്ടോടുന്ന മലയാളി വനിതകളെ ഒന്നാക്കി നിര്‍ത്തി ഊര്‍ജ്ജം നല്‍കാനൊരിടം... ഒറ്റവാക്കില്‍ അങ്ങനെ വിശേഷിപ്പിക്കാം അടുക്കളപ്പുറം എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെ. മലയാളി വീട്ടമ്മമാര്‍ക്ക് മാത്രം പ്രവേശനമുള്ള സൈബര്‍ലോകത്തെ ഒരു തുരുത്താണ് ഈ ഗ്രൂപ്പ്. സ്ത്രീകളുടെ മാത്രമായൊരിടം, വ്യത്യസ്തമായൊരിടം.
ജോലിയുടേയും കുടുംബത്തിന്റേയും ഉത്തരവാദിത്തങ്ങളില്‍ ഒതുങ്ങിയവര്‍ക്കും റിട്ടേയര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ഒരുവഴിയില്‍ ഒരേ പോലെ ഒരുപാട് ദൂരം വെറുതെ പോയ പലര്‍ക്കും ഒരു വഴിത്തിരിവായിരുന്നു അടുക്കളപ്പുറം എന്ന ഫേസ്ബുക്ക് കൂട്ടായ്മ. ചുറ്റിവരിയുന്നവിഷാദനീരാളിപ്പിടിയില്‍ നിന്നു, രോഗങ്ങളില്‍ നിന്ന്, നിരന്തര ജീവിതപ്രശ്‌നങ്ങളില്‍ നിന്നൊക്കെ കൈ പിടിച്ചു കൂടെ നിര്‍ത്താന്‍ ഒരേ തൂവല്‍ പക്ഷികള്‍ പോലെ ലോകത്തിന്റെ പലയിടത്തും തനിക്കും പെണ്‍കൂട്ടുകളുണ്ടെന്നു അടുക്കളക്കപ്പുറത്തെ ഓരോ അംഗവും പറയും.
ജോലി തിരക്കും വീടുമായി ജീവിതം ഓടി തീര്‍ക്കുന്നവര്‍, മുഴുവന്‍ സമയവും വീടിനായി മാറ്റിവച്ച വീട്ടമ്മമാര്‍, വിരമിക്കല്‍ ജീവിതം വെറുതെ തള്ളി നീക്കുന്ന സീനിയര്‍ സ്ത്രീകള്‍.... അങ്ങനെ ഒരേ വഴിയില്‍ മാറ്റങ്ങളില്ലാത്ത കാലങ്ങളായി സഞ്ചരിച്ചവരായിരുന്നു ഗ്രൂപ്പിലെ ഭൂരിപക്ഷവും. ഇന്ന് അവരുടെയൊക്കെ ജീവിതപാതയിലെ വഴിത്തിരിവായിട്ടാണ് അടുക്കളക്കപ്പുറം എന്ന ഗ്രൂപ്പിനെ അവരെല്ലാം അടയാളപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വനിതാദിനത്തില്‍ ഗ്രൂപ്പിലെ അന്‍പതോളം എഴുത്തുകാരികളുടെ (പലരുടെയും ആദ്യത്തെ) കുറിപ്പുകള്‍ ചേര്‍ത്ത് 'ഞങ്ങളുടെ അടുക്കളപുസ്തകം' എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു കൊണ്ടാണ് അടുക്കളപ്പുറം സ്വയം തെളിയിക്കുന്നതും മറ്റുള്ളവരെ തങ്ങളുടെ മിടുക്ക് ബോധ്യപ്പെടുത്തുന്നതും. ആദ്യപുസ്തകത്തിന് കിട്ടിയ സ്വീകരണത്തിന്റെ പിന്‍ബലത്തില്‍ തങ്ങളുടെ അടുത്ത പുസ്തകവുമായി വരികയാണ് വീണ്ടും അടുക്കളപ്പുറത്തെ പെണ്ണുങ്ങള്‍. പുസ്തകത്തിന്റെ പേര് 'പെണ്ണടയാളങ്ങള്‍'. പേരു പോലെ ഓരോ എഴുത്തുകാരിയും സ്വയം അടയാളപ്പെടുത്തുന്നുണ്ട്, സ്വയം പ്രകാശിപ്പിക്കുന്നുണ്ട് പെണ്ണടയാളങ്ങളില്‍...പുസ്തകത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ചു നടക്കുന്ന 'ആഗ്‌നേയ 2018' അടുക്കളക്കപ്പുറത്തിന്റെ ബഹുമുഖപ്രതിഭകളെ അവതരിപ്പിക്കുന്ന ഒരു വേദിയാക്കി മാറ്റാനാണ് ഇപ്പോള്‍ പെണ്‍പടയുടെ ശ്രമം.
അതിന്റെ ഭാഗമായി എഫ്.ടി.ജി.ടി സിനിമാസ് എന്ന പെണ്‍കൂട്ടായ്മ സംരഭത്തിനും ആഗ്നേയയില്‍ തുടക്കമാവും. PERFORMA GRADIENCE എന്ന പേരില്‍ ഇവര്‍ അവതരിപ്പിച്ച നാടകസംരഭവും അന്ന് വേദിയിലെത്തും. ഇതോടൊപ്പം അടുക്കളപ്പുറം സംഘടിപ്പിച്ച ബ്യൂട്ടി പേജന്റ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും. പരിമതികളില്‍ നിന്ന് കൊണ്ട് പെണ്‍കൂട്ടായ്മ നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനും അവലോകനവും അന്നുണ്ടാവും. ഇത്രയും കാര്യങ്ങള്‍ നടത്താനും പങ്കെടുക്കാനും നിയന്ത്രിക്കാനും എല്ലാത്തിനും അടുക്കളപ്പുറത്തെ പെണ്ണുങ്ങള്‍ മാത്രമേ കാണൂ..... അതെ ശരിക്കുമൊരു വനിതാ പ്രസ്ഥാനം അതാണ് അടുക്കളപ്പുറം.
ഒരു ചെറിയ ഫേസ്ബുക്ക് കൂട്ടായ്മയില്‍ നിന്ന് രണ്ട് പുസ്തകങ്ങളിലേക്കും അനവധി കാരുണ്യപ്രവര്‍ത്തനങ്ങളിലക്കും കലാരംഗത്തേക്കുമുള്ള അടുക്കളപ്പുറത്തിന്റെ വളര്‍ച്ച ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. തള്ളി വിടാനോ കൈപിടിച്ചു കയറ്റാനോ ആരുടേയും സഹായമില്ലാതെയാണ് ഈ പെണ്‍ചങ്ങാതിക്കൂട്ടം ഇത്രദൂരം താണ്ടിയത്. ലോകത്തിന്റെ എന്തെല്ലാമോ കോണുകളില്‍ നിന്ന് സൈബര്‍ സ്‌പേസിലെ ഒരു ഗ്രൂപ്പില്‍ ഒത്തുചേര്‍ന്നവര്‍ വലിയ ലക്ഷ്യങ്ങളിലേക്കും വലിയ നേട്ടങ്ങളിലും ചുവടുകള്‍ വയ്ക്കുമ്പോള്‍ അവരെ മനസ്സറിഞ്ഞ് അഭിനന്ദിക്കേണ്ടത് നമ്മളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam