ഷെരീഫ് ഒസ്മാൻ ഹാദിയെ വധിച്ചത് മൊഹമ്മദ് യുനൂസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരെന്ന സഹോദരൻ്റെ ആരോപണം ആയുധമാക്കി ഇന്ത്യ. അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരണമെന്ന് ഇന്ത്യ ബംഗ്ലാദേശ് ഹൈക്കമ്മീഷണറോട് നിർദേശിച്ചു.
ധാക്ക: ബംഗ്ലാദേശിൽ യുവ നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയെ വധിച്ചത് മൊഹമ്മദ് യുനൂസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരെന്ന സഹോദരൻ്റെ ആരോപണം ആയുധമാക്കി ഇന്ത്യ. നിഷ്പക്ഷ അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരണമെന്ന് ഇന്ത്യ ബംഗ്ലാദേശ് ഹൈക്കമ്മീഷണറോട് നിർദേശിച്ചു. ഇന്ത്യയിലെ കാര്യാലയങ്ങൾക്കു മുന്നിൽ പ്രതിഷേധിച്ചത് തീവ്ര ഗ്രൂപ്പുകളാണെന്ന് ബംഗ്ലാദേശ് പ്രസ്താവനയിൽ ആരോപിച്ചു.
ഇന്ത്യ - ബംഗ്ലാദേശ് ബന്ധം വഷളാക്കാൻ ഇടയാക്കിയത് ഷെയ്ക് ഹസീനയ്ക്കെതിരായ പ്രക്ഷോഭം നയിച്ച യുവനേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകമാണ്. കൊലയാളികൾ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടെന്ന് മൊഹമ്മദ് യൂനൂസ് നയിക്കുന്ന ഇടക്കാല സർക്കാരിലുള്ളവരാണ് ആദ്യം പറഞ്ഞത്. ഇതോടെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ചാണ് ബംഗ്ലാദേശിലെ തീവ്ര സംഘടനകൾ അക്രമം നടത്തിയത്. ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിൽ പ്രതിഷേധം നടന്നു. ചിറ്റഗോംഗിലെ ഇന്ത്യൻ അസിസ്റ്റൻ്റ് ഹൈക്കമ്മീഷനു മുന്നിലേക്ക് നടന്ന പ്രകടനം അക്രമത്തിനിടയാക്കി. ഹിന്ദു യുവാവ് ദിപു ചന്ദർ ദാസിനെ മർദിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയതും ഇതിന് പിന്നാലെയാണ്.
എന്നാൽ, ഒസ്മാൻ ഹാദിയുടെ സഹോദരൻ ഷെരീഫ് ഒമർ ഹാദി മൊഹമ്മദ് യൂനൂസ് സർക്കാരിനെതിരെ ഗുരുതര ആരോപണമാണ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഹാദിയെ കൊലപ്പെടുത്തിയതെന്ന് ഒമർ ആരോപിച്ചു. കൊലയാളികളെ പിടിക്കാത്തത് ഇതു കൊണ്ടാണെന്നും ഒമർ മറ്റു കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ വിരുദ്ധ വികാരം സൃഷ്ടിക്കാൻ ഭരണത്തിലുള്ള ചിലർ നടത്തിയ നീക്കത്തിനാണ് കനത്ത തിരിച്ചടി കിട്ടിയിരിക്കുന്നത്. ഇന്നലെ ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെ വിളിച്ചു വരുത്തിയ വിദേശകാര്യ മന്ത്രാലയം സത്യം പുറത്തു കൊണ്ടുവരാൻ കഴിയുന്ന അന്വേഷണം നടത്തണം എന്ന നിർദേശം നൽകിയെന്നാണ് സൂചന.
ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയെ ബംഗ്ലാദേശും വിളിച്ചു വരുത്തിയിരുന്നു. ഇന്ത്യയിൽ തീവ്ര ഗ്രൂപ്പുകൾ ഹൈക്കമ്മീഷനെ ലക്ഷ്യം വെക്കുന്നു എന്ന പ്രസ്താവന ബംഗ്ലാദേശ് നൽകിയതിലും ഇന്ത്യയ്ക്ക് അതൃപ്തിയുണ്ട്. ഹിന്ദു യുവാവിൻ്റെ കൊലപാതകത്തിൽ ഇന്ത്യയിൽ പ്രതിഷേധിച്ച സംഘടനകൾ ഹൈക്കമ്മീഷനിലെക്ക് തള്ളിക്കയറാൻ നോക്കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധം ശക്തമായതോടെ ദിപു ചന്ദർ ദാസിൻ്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.



