മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ്; പൊലീസ് യുവാവിനെ അമ്മയുടെ മുന്നിലിട്ട് തല്ലി കൊന്നു

By Web TeamFirst Published Nov 25, 2018, 9:29 AM IST
Highlights

സംഭവവുമായി ബന്ധപ്പെട്ട് സിക്കന്ദര പൊലീസ് സ്റ്റേഷനിലെ  ഇൻസ്പെക്ടർ റിഷിപാൽ ഉൾപ്പടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തതായി ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 

ആ​ഗ്ര: മോഷണകുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത യുവാവിനെ  മർദ്ദിച്ച് കൊലപ്പെടുത്തിയ പൊലീസുകാർക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. ആ​ഗ്രയിലെ സിക്കന്ദര പൊലീസ് സ്റ്റേഷനിലാണ് സംഭവം. രാജു ഗുപ്ത(32) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ആഭരണം മോഷ്ടിച്ചുവെന്ന അയൽക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ​രാജുവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് സ്റ്റേഷനിലെത്തിയ അമ്മയുടെ മുന്നിലിട്ട് രാജുവിനെ പൊലീസുകാർ തല്ലി കൊല്ലുകയായിരുന്നു.

ബുധനാഴ്ചയാണ് ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച് അയൽവാസിയായ അൻശുൽ പ്രതാപ് സിങ് രാജുവിനെതിരെ പൊലീസിൽ പരാതി നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഗയ്ലാന റോഡിന് സമീപമുള്ള വാടക വീട്ടിൽ നിന്ന് രാജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന്  സ്റ്റേഷനിൽ എത്തിയ അമ്മ റീനു ലതയുടെ മുന്നിൽ വെച്ച് പൊലീസുകാർ ക്രൂരമായി മർദ്ദിക്കുകയും. അവശനായ രാജു സംഭവ സ്ഥലത്തു തന്നെ മരിക്കുകയുമായിരുന്നു.

അതേ സമയം മനോവൈകല്യമുള്ള തന്റെ മകനെ പൊലീസ് പിടിച്ചുകൊണ്ട് പോവുകയായിരുന്നുവെന്ന് റീനു ലത പറഞ്ഞു. താൻ നോക്കി നിൽക്കെ ലോക്കപ്പിനുള്ളിൽ വെച്ച് പൊലീസ് മകനെ തല്ലി കൊലപ്പെടുത്തി,കരഞ്ഞ് കാലു പിടിച്ചിട്ടും ആരും ചെവികൊണ്ടില്ല-; റീനു ലത പറയുന്നു.  അയൽ വാസികളായ മറ്റ് രണ്ട് പേർ പൊലീസിന് കൈമാറും മുമ്പ് രാജുവിനെ ലാത്തി കൊണ്ട് മർദ്ദിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
 
സംഭവവുമായി ബന്ധപ്പെട്ട് സിക്കന്ദര പൊലീസ് സ്റ്റേഷനിലെ  ഇൻസ്പെക്ടർ  റിഷിപാൽ ഉൾപ്പടെ  മൂന്ന് പേരെ സസ്പെൻഡ് ചെയ്തതായി ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ലാത്തി കൊണ്ട് മർദ്ദിച്ച അയൽവാസികളായ അൻശുൽ സിങ്, വിവേക് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

click me!