
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തടവുകാർക്ക് വീണ്ടും വിഐപി പരിഗണന. തീവ്രവാദ കേസിലെ പ്രതികളും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സീരിയൽ കില്ലറും ഉൾപ്പെടെ ജയിലിനകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തീവ്രവാദ കേസിൽ എൻഐഎ പിടികൂടി ജയിലിലടച്ച ബംഗ്ലാദേശി സ്വദേശികളുടെ പക്കൽ മൊബൈൽ ഫോണുകൾ, ജീവപര്യന്തം തടവിന് ശിക്ഷിച്ച സീരിയൽ കില്ലർ ഉമേഷ് റെഡ്ഡിക്ക് ജയിൽ മുറിക്കകത്ത് ടിവി, ഉപയോഗിക്കാൻ ആൻഡ്രോയ്ഡ് ഫോണുകൾ, പാചകം ചെയ്യാനുള്ള സംവിധാനങ്ങൾ. സ്വർണക്കടത്ത് കേസിൽ പിടിയിലായ സാൻഡൽവുഡ് താരം രന്യ റാവുവിന്റെ ആൺ സുഹൃത്തിന് വിഐപി പരിഗണന. പണമുണ്ടോ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ എന്തും നടക്കും. ഇതിന് അടിവരയിടുന്ന ദൃശ്യങ്ങളാണ് ഒരിക്കൽ കൂടി പുറത്തുവന്നിരിക്കുന്നത്.
ഇതാദ്യമായല്ല പരപ്പന ജയിൽ വിഐപി സൗകര്യങ്ങളുടെ പേരിൽ വിവാദത്തിലാകുന്നത്. രേണുകാസ്വാമി കൊലക്കേസിൽ വിചാരണ തടവുകാരനായ കന്നഡ സൂപ്പർ താരം ദർശന് രാജകീയ സൗകര്യങ്ങൾ നൽകിയതിന്റെ പേരിൽ കോടതിയിൽ നിന്നുൾപ്പെടെ രൂക്ഷ വിമർശനം നേരിട്ടിരുന്നു നേരത്തെ ജയിൽ അധികൃതർ. ഇനി അത്തരത്തിൽ എന്തെങ്കിലും സൗകര്യങ്ങൾ ഏർപ്പാടാക്കി കൊടുത്താൽ കടുത്ത ശിക്ഷ നൽകും എന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് പരപ്പന ജയിലിൽ അധികൃതർ പണം കൈപ്പറ്റി തടവുകാർക്ക് ഒത്താശ ചെയ്ത് നൽകുന്നത്.
ജയിലിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് മൊബൈൽ ഫോണുകൾ രണ്ടാഴ്ച മുൻപ് വാർഡന്റെ പക്കൽ നിന്നുതന്നെ അധികൃതർ പിടികൂടിയിരുന്നു. ഗുണ്ടാ നേതാവ് ജയിലിൽ പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങളും ഇവിടെ നിന്ന് കഴിഞ്ഞ മാസം പുറത്തുവന്നു. ഓരോ സംഭവത്തിലും അന്വേഷണം പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും പണമുണ്ടെങ്കിൽ എന്തും നടക്കും എന്ന അവസ്ഥ തുടരുകയാണ് പരപ്പന അഗ്രഹാരയിൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam