കര്‍ഷക സംഘടനകള്‍ നടത്തിയ അഖിലേന്ത്യാ ബന്ദ് പൂര്‍ണം

By Web DeskFirst Published Jun 10, 2018, 5:52 PM IST
Highlights
  • പത്ത് ദിവസം നീണ്ട സമരത്തിന് ഇടയിലും ഒരു ചര്‍ച്ചയ്ക്കും തയാറാകാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു.

ദില്ലി: കാര്‍ഷിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ നടത്തിയ അഖിലേന്ത്യാ ബന്ദ് പൂര്‍ണം. റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച അറുപതോളം കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് ദിവസം നീണ്ട ആദ്യഘട്ട സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. 

നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാതെ ഗ്രാമീണ മേഖലകളിലായിരുന്നു കര്‍ഷകരുടെ അഖിലേന്ത്യാ ബന്ദ്. പത്ത് ദിവസം നീണ്ട സമരത്തിന് ഇടയിലും ഒരു ചര്‍ച്ചയ്ക്കും തയാറാകാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. കേന്ദ്ര കൃഷിമന്ത്രിയുടെയും പ്രധാനമന്ത്രിയുടേയും കോലം പ്രതിഷേധക്കാര്‍ കത്തിച്ചു. മഹാരാഷ്ട്രയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ച 44 കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹരിയാനയിലും മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഇരുപതോളം കര്‍ഷകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, 50 ശതമാനം താങ്ങുവില ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങള്‍ നേടും വരെ സമരം തുടരുമെന്ന് സമര നേതാക്കള്‍ പറഞ്ഞു.

വരുന്ന ആഴ്ച്ച 130 ഓളം കര്‍ഷക സംഘടനാ പ്രതിനിധികള്‍ ദില്ലിയില്‍ നടത്തുന്ന കൂടിയാലോചനകള്‍ക്ക് ശേഷമാണ് രണ്ടാംഘട്ട സമര രീതികള്‍ പ്രഖ്യാപിക്കുക. അതേസമയം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് വരുന്നതായി ഋഷികേശിലെ കാര്‍ഷിക സര്‍വ്വകലാശലയിലെ പരിപാടിക്കിടെ കേന്ദ്രകൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങ് പറഞ്ഞു.
 

click me!