
ആലപ്പുഴ: നിരോധിത കീടനാശിനി ഉപയോഗം ക്രിമിനൽ കുറ്റമാക്കുന്നതിന് നിയമനിർമ്മാണം നടത്തുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. ഇത്തരം കീടനാശിനികളുടെ ഉപയോഗം ക്രിമിനല്‍ കുറ്റമായി കണ്ട് നടപടി സ്വീകരിക്കാനാണ് ആലോചന. തിരുവല്ലയിൽ കീടനാശിനി തളിക്കുന്നതിനിടെ രണ്ടു തൊഴിലാളികൾ മരിച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം.
തിരുവല്ലയിൽ ഉപയോഗിച്ചത് സംസ്ഥാനത്ത് ഉപയോഗിക്കാൻ പാടില്ലാത്ത മാരക കീടനാശിനിയാണ്. ഇത് കാർഷിക സർവ്വകലാശാല നിർദ്ദേശിച്ചിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ടതല്ല. ഇത് ഓഫീസറുടെ കുറിപ്പോടെ മാത്രമേ വാങ്ങാനും അനുവാദമുള്ളൂ. ഈ സാഹചര്യത്തിൽ എങ്ങിനെയാണ് ഇത് കേരളത്തിലെത്തിയതെന്നത് ദുരൂഹമാണമെന്നും മന്ത്രി പറഞ്ഞു.
നിരോധിത കീടനാശിനികൾ പല സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഒളിച്ചു കടത്തുന്നുണ്ട്. ഇതു കണ്ടുപിടിക്കുന്നതിന് കർഷകർ തന്നെ മുന്നോട്ടുവരേണ്ടതാണ്. തിരുവല്ലയിൽ ഉപയോഗിച്ച കീടനാശിനി പല സ്ഥലത്തും ഉപയോഗിക്കുന്നതായി പിന്നീട് നടന്ന റെയ്ഡിൽ മനസ്സിലായി. പല കടകളിൽ നിന്നും ഇത് കണ്ടെടുത്തു. ഒരിക്കലും റീട്ടെയിൽ ഷോപ്പിൽ വരാൻ പാടില്ലാത്ത ഒന്നാണിത്. കീടനാശിനി ഉപയോഗിക്കുന്നത് കുറയ്ക്കുന്നതിനായി ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ 2016 മുതൽ നടപടി സ്വീകരിക്കുന്നതാണ്. 1289 മെട്രിക് ടൺ കീടനാശിനി ഉപയോഗിച്ചിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 850 മെട്രിക് ടണ്ണായി കുറഞ്ഞത് അങ്ങിനെയാണെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam