
നാളെ ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് കോണ്‍ഗ്രസ്. പട്ടേലിനെതിരെ കോണ്‍ഗ്രസ് വിമതനെ മത്സരിപ്പിക്കുന്ന ബിജെപി, കോണ്‍ഗ്രസുമായി ഉടക്കിപ്പിരിഞ്ഞ ശങ്കര്‍ സിംഗ് വകേലയുടെ അനുയായികളുടെ വോട്ടാണ് ലക്ഷ്യംവെക്കുന്നത്. തന്നെ പിന്തുണയ്‌ക്കുന്നവര്‍ നാളെ മനസാക്ഷി വോട്ടുചെയ്യണമെന്ന് വകേല ഗുജറാത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഗുജറാത്ത് രാജ്യസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പിരിമുറുക്കം വോട്ടെടുപ്പിന്റെ തലേന്നും അവസാനിക്കുന്നില്ല. മൂന്ന് സീറ്റിലും വിജയിക്കാനുറച്ച് ബിജെപി കരുക്കള്‍ നീക്കുകയാണ്. പാര്‍ട്ടി ആസ്ഥാനത്ത് യോഗംവിളിച്ച അമിത് ഷാ നാളത്തെ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം എംഎല്‍മാരെ ബോധ്യപ്പെടുത്തി. 121 എംഎഎമാരെയും വോട്ടെടുപ്പ് നടക്കുംവരെ ഗാന്ധിനഗറില്‍ തന്നെ താമസിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. എങ്ങനെ വോട്ടുചെയ്യണമെന്ന ക്ലാസും പാര്‍ട്ടി ആസ്ഥാനത്ത് എംഎല്‍എമാര്‍ക്ക് നല്‍കി. അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാന്‍ ആവശ്യമായ നാല്‍പത്തിനാല് എംഎല്‍എമാര്‍ കോണ്‍ഗ്രസനൊപ്പം ഉണ്ടെങ്കിലും കരുതലോടെയാണ് പാര്‍ട്ടി നീങ്ങുന്നത്.
ബിജെപി ചാക്കിട്ടുപിടിക്കുന്നു എന്നാരോപിച്ച് പത്ത്ദിവസം മുമ്പ് ബംഗലൂരുവിലെ റിസോട്ടിലേക്ക് മാറ്റിയ എംഎല്‍എമാരെ കോണ്‍ഗ്രസ് ഇന്ന് രാവിലെ ഗുജറാലെത്തിച്ചു. നാളത്തെ വോട്ടെടുടുപ്പുവരെ ആനന്ദ് സിറ്റിയിലെ നീജാനന്ദ് റിസോര്‍ട്ടില്‍ പാര്‍പ്പിക്കുന്ന ഇവരെ സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേല്‍ കണ്ട് ചര്‍ച്ചനടത്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട ശങ്കര്‍സിംഗ് വകേലയുടെ നീക്കങ്ങളാണ് അവസാനനിമഷത്തില്‍ കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. മനസാക്ഷി വോട്ട് ചെയ്യാനാണ് അനുയായികളായ എംഎല്‍എമാരോട് വകേലയുടെ ആഹ്വാനം.
ഗുജറാത്തിലെ മൂന്ന് രാജ്യസഭാസീറ്റില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും ജയം ഉറപ്പാണ്. മൂന്നാമത്തെ സീറ്റിലേക്ക് അഹമ്മദ് പട്ടേലും ബിജെപി സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് വിമതന്‍ ബല്‍വന്ദ്സിംഗും തമ്മിലാണ് മത്സരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam