ഒ.പനീര്‍സെല്‍വം തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

By Web DeskFirst Published Aug 21, 2017, 5:18 PM IST
Highlights

ചെന്നൈ: അണ്ണാ ഡിഎംകെയില്‍ എടപ്പാടി -പനീര്‍ശെല്‍വം പക്ഷങ്ങള്‍ ഒന്നായി. ഒ.പനീ‍ര്‍ശെല്‍വത്തിന് ഉപമുഖ്യമന്ത്രിപദവും പാര്‍ട്ടിയുടെ നിര്‍ദേശകസമിതി അദ്ധ്യക്ഷസ്ഥാനവും നല്‍കി. ശശികലയെ ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ച് പുറത്താക്കുമെന്ന് വാക്കാല്‍ ഉറപ്പുനല്‍കിയതല്ലാതെ സംയുക്ത നേതൃയോഗത്തില്‍ ഒരു തീരുമാനവുമുണ്ടായില്ല.

ലയനത്തിന്റെ അവസാനനിമിഷം വരെ ഇരുപക്ഷങ്ങളിലും ഭിന്നതകളും ആശയക്കുഴപ്പവും നിലനിന്നശേഷമാണ് ലയനം യാഥാര്‍ഥ്യമായത്. ശശികലയെ പുറത്താക്കുന്നുവെന്ന പ്രമേയമില്ലാതെ ലയനത്തോട് സഹകരിക്കേണ്ടെന്ന് സ്വപക്ഷത്തെ ഒരു വിഭാഗം നേതാക്കള്‍ വാശി പിടിച്ചതോടെ ഒപിഎസ് പ്രതിസന്ധിയിലായി. ഇതിനിടെ, മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നറിയിച്ചതിനെത്തുടര്‍ന്ന് രാവിലെ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ചെന്നൈയിലെത്തിയിരുന്നു. ഭിന്നതകളുടെ സൂചന ലഭിച്ചതിനാല്‍ നാളെ ചെന്നൈയിലെത്താനിരുന്ന ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ സന്ദര്‍ശനം റദ്ദാക്കി.

ഗത്യന്തരമില്ലാതെ സമവായത്തിനായി ആര്‍എസ്എസ് ചിന്തകന്‍ ഗുരുമൂര്‍ത്തിയെ എടപ്പാടി പക്ഷത്തെ മന്ത്രിമാരെത്തി കണ്ടു. ശശികലയെ പുറത്താക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനേ അവകാശമുള്ളൂ എന്നും അതിന്‍റെ പേരില്‍ ലയനം റദ്ദാക്കരുതെന്നും മന്ത്രിമാര്‍ അഭ്യര്‍ഥിച്ച സാഹചര്യത്തിലാണ് ഗുരുമൂര്‍ത്തി ഇടപെട്ട് കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിച്ചത്. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ ഇപിഎസ്സും ഒപിഎസ്സും പാര്‍ട്ടി ആസ്ഥാനത്തെത്തി ലയനപ്രഖ്യാപനം നടത്തി.

പാര്‍ട്ടിയെ നയിക്കാന്‍ 11 അംഗ നിര്‍ദേശകസമിതി രൂപീകരിച്ച് അതിന്‍റെ അദ്ധ്യക്ഷനായി ഒപിഎസ്സിനെയും ഉപാദ്ധ്യക്ഷനായി ഇപിഎസ്സിനെയും നിയമിച്ചിട്ടുണ്ട്. ജനറല്‍ കൗണ്‍സില്‍ വിളിച്ച് ശശികലയെ പുറത്താക്കുമെന്ന എംപി വൈത്തിലിംഗത്തിന്‍റെ പ്രസ്താവനയല്ലാതെ അവരെക്കുറിച്ച് ഒരു വാക്ക് പോലും ഒപിഎസ്സിന്‍റെയും ഇപിഎസിന്റെയും പ്രസംഗങ്ങളിലുണ്ടായിരുന്നില്ല. ശശികലയ്‌ക്കെതിരെ നടപടിയെടുത്താല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിയ്‌ക്കുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ദിനകരന്‍ ക്യാംപ്. 18 അണ്ണാ ഡിഎംകെ എംഎല്‍എമാരും 3 സ്വതന്ത്രരുമായി 21 പേരുടെ പിന്തുണയുള്ള ദിനകരന്‍ മറ്റന്നാള്‍ നടത്താനിരിയ്‌ക്കുന്ന ശക്തിപ്രകടനം നിര്‍ണായകമാണ്.

click me!