ആരോഗ്യമന്ത്രി വീണാ ജോർജിനെ മാരകായുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചതായി എഫ്ഐആർ. കെഎസ്‌യു പ്രവർത്തകർ 'കൊല്ലടാ' എന്ന് ആക്രോശിച്ചെന്നും, കഴുത്തിൽ ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു.
കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ മാരകായുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. ആയുധം ഉപയോഗിച്ച് കഴുത്തിൽ ആക്രമിച്ചെന്നും പ്രതിഷേധക്കാർ മന്ത്രിയെ 'കൊല്ലടാ' എന്ന് ആക്രോശിച്ചു കൊണ്ടെത്തി എന്നാണ് എഫ്ഐആറില്‍ പറയുന്നത്. 11 വകുപ്പുകൾ ചേർത്ത് അഞ്ച് പേരെ പ്രതി ചേര്‍ത്താണ് റെയിൽവേ പൊലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യിലെ 9 വകുപ്പുകൾക്ക് പുറമെ റെയിൽവെ ആക്ട് പ്രകാരം രണ്ട് വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. മന്ത്രി വീണാ ജോർജിന്‍റെ ഗൺമാൻ അഭിലാഷ് എം എസിന്റെ പരാതിയിലാണ് റെയിൽവേ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചത്. വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണ ജോർജിനെ പ്ലാറ്റ്ഫോമിൽ എത്തിയ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പൊലീസ് വലയം ഭേദിച്ചാണ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോൺഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോൾ പൊലീസ് പിടിച്ചുമാറ്റി. പ്രതിഷേധക്കാര്‍ അതിക്രമിച്ചെത്തിയപ്പോൾ കഴുത്തിന് കടുത്ത വേദനയുണ്ടെന്ന് പറഞ്ഞ് മന്ത്രി അൽപസമയം പ്ലാറ്റ്ഫോമിൽ ഇരുന്നു. പിന്നീട് കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
