
ചെന്നൈ: അണ്ണാ ഡിഎംകെ അമ്മാ പാർട്ടിയിൽ അധികാരത്തർക്കം തുടരുന്നതിനിടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്ന് മന്ത്രിസഭാ യോഗം വിളിച്ചു. വൈകിട്ട് മൂന്ന് മണിയ്ക്ക് നടക്കുന്ന യോഗത്തിൽ ഈ മാസം പതിനാലിന് ചേരുന്ന നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും. ദിനകരനെ പരോക്ഷമായി പിന്തുണച്ച് മന്ത്രി രാജേന്ദ്രബാലാജി കൂടി രംഗത്തെത്തിയതോടെ പാർട്ടിയിൽ ടിടിവി ദിനകരന് 32 എംഎൽഎമാരുടെ പിന്തുണയായി.
തമിഴ്നാട് നിയമസഭയിൽ വീണ്ടും എണ്ണത്തിന്‍റെ ബലാബലത്തിന് കളമൊരുങ്ങുകയാണ്. മന്ത്രി രാജേന്ദ്രബാലാജിയുടെ പരോക്ഷപിന്തുണ കൂടി കിട്ടിയതോടെ പാർട്ടിയിൽ ദിനകരന് പിന്തുണയേറി. ജയിലിൽ നിന്ന് തിരിച്ചെത്തിയ ദിനകരൻ സർക്കാരിനെ മറിച്ചിടാൻ ശ്രമിച്ചില്ലെങ്കിൽപ്പോലും പാർട്ടിയിലെ തന്‍റെ സ്വാധീനം തെളിയിയ്ക്കാൻ ശ്രമിയ്ക്കുകയാണെന്നാണ് വിലയിരുത്തൽ.
ദിനകരനുമായി എംഎൽഎമാർ നടത്തുന്ന കൂടിക്കാഴ്ച പിളർപ്പിലേയ്ക്ക് നീങ്ങില്ലെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി തയ്യാറാകുന്നില്ലെന്നതാണ് ശ്രദ്ധേയം. എടപ്പാടി ക്യാംപിന് വേണ്ടി മാധ്യമങ്ങളെ കാണുന്നത് മുഴുവൻ ധനമന്ത്രി ഡി ജയകുമാറാണ്. ദിനകരനെയും ശശികലയെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പാർട്ടിയോഗം ചേർന്ന് ഔദ്യോഗികപ്രഖ്യാപനം നടത്താനും എടപ്പാടി തയ്യാറല്ല.
ഈ മാസം 14 മുതൽ 19 വരെ നടക്കുന്ന നിയമസഭാസമ്മേളനത്തിൽ ദിനകരൻ പക്ഷത്തിന്‍റെ നിലപാട് നിർണായകമായ സാഹചര്യത്തിൽക്കൂടിയാണ് എടപ്പാടി ഇന്ന് മന്ത്രിസഭായോഗം വിളിച്ചിരിയ്ക്കുന്നത്. നിയമസഭാസമ്മേളനത്തിൽ സർക്കാരിനെ താഴെ വീഴ്ത്തി ഡിഎംകെയെ സഹായിയ്ക്കുന്ന നിലപാടെടുക്കേണ്ടെന്നാണ് ഒപിഎസ് പക്ഷത്തിന്‍റെ തീരുമാനം. അതേസമയം, വിദേശത്തു നിന്ന് കള്ളപ്പണം കടത്തിയെന്ന കേസിൽ ടിടിവി ദിനകരൻ ഇന്ന് എഗ്മോർ കോടതിയിൽ ഹാജരായേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam