യോഗ്യതയും സര്‍ട്ടിഫിക്കറ്റുകളും വേണ്ട; അരക്കോടി കൊടുത്താല്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന അധ്യാപകരാവാം

Published : Oct 29, 2017, 11:54 AM ISTUpdated : Oct 04, 2018, 07:58 PM IST
യോഗ്യതയും സര്‍ട്ടിഫിക്കറ്റുകളും വേണ്ട; അരക്കോടി കൊടുത്താല്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന അധ്യാപകരാവാം

Synopsis

പാലക്കാട്: സംസ്ഥാനത്ത് എയിഡഡ് സ്കൂള്‍ അധ്യാപക നിയമത്തിന് കോഴയായി മാനേജ്മെന്റുകള്‍ വാങ്ങുന്നത് അര കോടിയോളം രൂപ. പാലക്കാട് ജില്ലയിലെ അഞ്ച് സ്കൂളുകളില്‍ അധ്യാപക നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളായി സമീപിച്ച ഞങ്ങളോട് ആവശ്യപ്പെട്ടത് 27 മുതല്‍ 45 ലക്ഷം രൂപ വരെയാണ്.

ഒരു എയിഡഡ് സ്കൂളില്‍ അധ്യാപക ജോലി ലഭിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ശമ്പളവും കൈപ്പറ്റണമെങ്കില്‍ സംസ്ഥാനത്ത് ഇപ്പോള്‍ എണ്ണിക്കൊടുക്കേണ്ടത് അര കോടിയോളം രൂപയാണ്. അധ്യാപകരെ ആവശ്യമുണ്ടെന്ന് കാണിച്ച് പത്രങ്ങളില്‍ പരസ്യം ചെയ്ത വിവിധ സ്കൂളുകളിലേക്ക് ഞങ്ങള്‍ അപേക്ഷിച്ചു. പിന്നെ മാനേജര്‍മാരെ നേരില്‍ കണ്ടു. പാലക്കാട് ജില്ലയിലെ കൊടുമ്പ് ഗോപാല്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ മാനേജര്‍ ഗോപിനാഥിനെയാണ് ആദ്യം വിളിച്ചത്. കൊടുമ്പിലെ സി.പി.എം പാര്‍ട്ടി ഓഫീസിലേക്ക് എത്താനായിരുന്നു ഞങ്ങളോട് ആവശ്യപ്പെട്ടത്. ആദ്യം അപേക്ഷ കൊടുക്കണമെന്നും പിന്നീട് ഇന്‍റര്‍വ്യൂ വിളിക്കുമെന്നും പറഞ്ഞു. അപ്പോള്‍  എത്രയാണ് പരമാവധി കോഴ കൊടുക്കാന്‍ കഴിയുന്നതെന്ന് ചോദിക്കും. ആ തുക ഒരു പേപ്പറില്‍ നോട്ട് ചെയ്ത് കൊടുത്താല്‍ മതിയെന്ന് ഉപദേശം. ഒപ്പം പേരും എഴുതണം. എല്ലാവരുടേയും കോഴ വാഗ്ദാനങ്ങള്‍ വായിച്ച് നോക്കും. ആരാണോ ഏറ്റവും അധികം തുക എഴുതിയത് എന്ന് നോക്കി അവര്‍ക്ക് ജോലി കൊടുക്കുമെന്ന് മാനേജര്‍ പറഞ്ഞു. 45 ലക്ഷമെന്ന് എന്ന് എഴുതിയ ശേഷം നെഗോഷ്യബിള്‍ എന്ന് കൂടി എഴുതണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കൈക്കൂലി കണക്കുപറഞ്ഞ് വാങ്ങുന്നതിന് ഭരണകക്ഷി എന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ല ഇല്ല. ചെര്‍പ്പുളശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ വീട്ടില്‍ വെച്ചാണ് കാരാക്കുറിശ്ശി എ.എല്‍.പി സകൂളില്‍ അധ്യാപക ജോലിക്കായി 27 ലക്ഷം രൂപയുടെ ആ ഡീല്‍ ഉറപ്പിച്ചത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറി കൂടിയായ സ്കൂള്‍ മാനേജര്‍ ദീപേഷ് വാഴക്കുന്നത്ത് വിശദമായി തന്നെ പറഞ്ഞു, സാധാരണ 30 ലക്ഷമാണ് വാങ്ങുന്നതെന്നും, ഇതിപ്പോള്‍ യോഗ്യതയെല്ലാം ഉള്ളതിനാല്‍ 27 മതിയെന്നും.  അഡ്വാന്‍സ് പേയ്മെന്റ് എന്ന നിലയില്‍ ഇന്നോ നാളെയോ തന്നെ 20 ലക്ഷം നല്‍കാനും ബാക്കി ആറ് മാസം കഴിഞ്ഞ് മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

മണ്ണാര്‍ക്കാട് ദേശബന്ധു ഹയര്‍സെക്കണ്ടിറി സ്കൂളിലെ  ഹൈസ്കൂള്‍ വിഭാഗത്തില്‍ അധ്യാപകരെ വിളിച്ച ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥിയായി ഞങ്ങള്‍ ചെന്നു. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍  കാണേണ്ടതില്ലെന്നും, അഭിമുഖം നടത്തേണ്ട ആവശ്യമില്ലെന്നും,  മുപ്പത് ലക്ഷം രൂപ തരാന്‍ തയ്യാറാണെങ്കില്‍ മുന്‍കൂര്‍ ഒപ്പിട്ട് ജോലിയില്‍ പ്രവേശിച്ചോളൂ എന്നുമായിരുന്നു മാനേജര്‍ വത്സന്‍ മഠത്തില്‍ പറഞ്ഞത്. ഇവിടെ അടുത്തൊരു സ്കൂളില്‍ അറബിക് അധ്യാപക പോസ്റ്റിലേക്ക് 35 ലക്ഷമാണ് വാങ്ങിയതെന്നും ഇവിടെ 30 ലക്ഷമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം തീയതിയിലെ ഡേറ്റ് വച്ച് ഒപ്പിടാനുള്ള സൗകര്യം ഉണ്ടെന്നും. എന്നാലേ സാലറി കിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹയര്‍സെക്കണ്ടറിയില്‍ 45 ലക്ഷം രൂപയാണ് കോഴ നിരക്ക്. ഹൈസ്കൂളില്‍ ആവുമ്പോള്‍ അത് 30 ആയി മാറും. യു.പി സ്കൂളില്‍ ഒരു നിയമനത്തിന് എത്ര ലക്ഷം നല്‍കണമെന്ന് അന്വേഷിച്ചപ്പോള്‍ 30 ലക്ഷമാണ് പറയുന്നതെന്നും അതില്‍ താഴെക്ക് പോവില്ലെന്നുമായിരുന്നു കാറല്‍മണ്ണ സ്കൂള്‍ പറഞ്ഞത്. 

ആവശ്യത്തിന് കുട്ടികള്‍ ഇല്ലാത്തപ്പോള്‍ നിരവധി അധ്യാപകര്‍ അധ്യാപക ബാങ്കിലേക്ക് മാറുമ്പോള്‍, കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയാണ് എയിഡഡ് സ്കൂളുകള്‍ ലക്ഷങ്ങള്‍ കോഴ കൈപ്പറ്റി ഈ നിയമനങ്ങള്‍ നടത്തുന്നത്. ലക്ഷങ്ങള്‍ നല്‍കിയാലും ഈ നിയമനങ്ങള്‍ക്ക് എപ്പോള്‍ അംഗീകാരം ലഭിക്കുമെന്ന് മാത്രം ചോദിക്കരുത്. ചിലപ്പോള്‍ കിട്ടിയില്ലെന്നും വരാം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കലണ്ടർ പുറത്തിറക്കി ലോക്ഭവൻ, ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പം സവർക്കറുടെ ചിത്രവും
അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്