പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, ശരീരത്ത് തൊട്ടു; എയര്‍ ഏഷ്യക്കെതിരെ പരാതിയുമായി യുവതി

By Web DeskFirst Published Nov 11, 2017, 11:45 AM IST
Highlights

ബംഗളൂരു: എയര്‍ ഏഷ്യ ജീവനക്കാര്‍ക്കെതിരെ  രൂക്ഷമായ വിമര്‍ശനവുമായി യാത്രക്കാരി രംഗത്ത്. മോശമായി പെരുമാറിയെന്നും ശല്യപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്. നവംബര്‍ മൂന്നിന് എയര്‍ ഏഷ്യയുടെ ഹൈദരാബാദ് വഴിയുള്ള ഐ5 1585 റാഞ്ചി-ബംഗളൂരു വിമാനത്തിലെ മൂന്നു ജീവനക്കാരില്‍ നിന്നാണ് യുവതിക്ക് മോശം പെരുമാറ്റം നേരിട്ടത്. 

വിമാനത്തിനുള്ളിലെ മോശം ശുചിമുറിയെപ്പറ്റി പരാതി പറഞ്ഞ സാഹചര്യത്തിലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതേതുടര്‍ന്ന് ക്യാബിന്‍ മേല്‍നോട്ടക്കാരന്‍ അസഭ്യം പറയുകയും ശരീരത്തില്‍ തൊടുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. അവര്‍ തന്റെ ബോര്‍ഡിങ് പാസിന്റെ ചിത്രമെടുക്കുകയും ഒരു ഭീകരവാദിയെപ്പോലെ പെരുമാറുകയും ചെയ്തു. അര്‍ധരാത്രിയില്‍ മുഴുവന്‍ യാത്രക്കാരും വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയെങ്കില്‍ തന്നെ പോകാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ യുവതി ആരോപിക്കുന്നു. 

ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ ക്യാപ്റ്റനോടും ക്യാബിന്‍ മേല്‍നോട്ടക്കാരനോടും മാപ്പു പറഞ്ഞില്ലെങ്കില്‍ സുരക്ഷാസേനക്ക് കൈമാറുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ തന്റെ ചുറ്റും നിന്ന ജീവനക്കാര്‍ മാനഭംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. വിമാന ജീവനക്കാര്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ബംഗളൂരുവില്‍ വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫിനോട് യുവതി പരാതിപ്പെട്ടിട്ടുണ്ട്. അതേസമയം, യുവതിയുടെ പരാതി നിഷേധിച്ച് എയര്‍ ഏഷ്യ അധികൃതര്‍ പ്രസ്താവനയിറക്കി. മുതിര്‍ന്ന ക്യാബിന്‍ ജീവനക്കാരനോട് യുവതി മോശമായി പെരുമാറിയെന്നാണ് കമ്പനിയുടെ വിശദീകരണം.

click me!