122 യാത്രക്കാരുടെ ജീവന്‍ പണയെവെച്ച് എയര്‍ ഇന്ത്യ പൈലറ്റിന്റെ സാഹസികത

By Web DeskFirst Published Feb 6, 2017, 10:42 AM IST
Highlights

പറന്നുയര്‍ന്ന ഉടനാണ് ഒരു പക്ഷി പറന്നുവന്ന് വിമാനത്തിലിടിച്ചത്. ഈ സാഹചര്യത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടതാണ്. എന്നാല്‍ അതുവകവെയ്‌ക്കാതെ പൈലറ്റ് വിമാനം പറത്തി. അപ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്നത് യാത്രക്കാരും ജീവനക്കാരും ഉള്‍പ്പടെ 122 പേര്‍. ഭോപ്പാല്‍-ദില്ലി എയറിന്ത്യ വിമാനമാണ് അപകടകരമായ സാഹചര്യത്തില്‍ പറന്നത്. കനത്ത സുരക്ഷാ വീഴ്‌ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. എഐ 436 എന്ന വിമാനമാണ് ഇത്തരത്തില്‍ പറന്നത്. വിമാനം നിലത്തിറക്കേണ്ടതിന് പകരം പൈലറ്റ് ദില്ലിയിലേക്ക് പറത്തുകയായിരുന്നു. എന്നാല്‍ വിമാനം ഇറങ്ങേണ്ടിയിരുന്ന ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ അതിനുള്ള അനുമതി ലഭ്യമായില്ല. ഇതേത്തുടര്‍ന്ന് വിമാനം ജയ്‌പുര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. അടിയന്തരമായി നിലത്തിറക്കേണ്ട വിമാനമാണ് ഇത്തരത്തില്‍ തിരിച്ചുവിട്ടത്. ജയ്‌പുര്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. പിന്നീട് നടത്തിയ പരിശോധനയില്‍ വിമാനത്തിന് തകരാര്‍ സംഭവിച്ചതായി അധികൃതര്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ എയര്‍ഇന്ത്യ ഉത്തരവിട്ടിട്ടുണ്ട്.

click me!